ഇന്ത്യാ സന്ദര്‍ശനത്തിന് ജെഫ് ബെസോസ്; ഇ-കൊമേഴ്‌സ് ചട്ടങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും

November 20, 2019 |
|
News

                  ഇന്ത്യാ സന്ദര്‍ശനത്തിന് ജെഫ് ബെസോസ്; ഇ-കൊമേഴ്‌സ് ചട്ടങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ജനുവരിയില്‍ ഇന്ത്യയിലെത്തും. ബിസിനസുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ഇന്ത്യാ സന്ദര്‍ശനം. അദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങളെ കുറിച്ച് ആമസോണ്‍ ആവര്‍ത്തിച്ച് പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജെഫ് ബെസോസിന്റെ സന്ദര്‍ശനം.

അഞ്ചു ബില്യണ്‍ ഡോളറില്‍പരം നിക്ഷേപമുള്ള ഏറ്റവും വലിയ സഹസ്ഥാപനങ്ങളില്‍ ഒന്ന് ഇന്ത്യയിലാണ് ഉള്ളത്. കൂടാതെ ആമസോണിന്റെ കടന്നുവരവ് ഇന്ത്യയിലെ ഇടത്തരം ചെറുകിട വ്യാപാരികളിലുണ്ടാക്കിയ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങളും നടന്നേക്കും. ഈ മേഖലയിലുള്ളവരെ ശാക്തീകരിച്ച് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചെല്ലാം അദേഹം ചര്‍ച്ച നടത്തിയേക്കും.

ഉത്സവക്കാലത്ത് നേരിട്ടുള്ള വിദേശ വ്യാപാരചട്ടം ആമസോണ്‍ ലംഘിച്ചതായും ഓഫറുകളിലൂടെ അന്യായമായ കച്ചവടരീതികള്‍ പിന്‍തുടര്‍ന്നതായും വ്യാപാരികള്‍ക്ക് ആമസോണിന് മേല്‍ പരാതിയുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും കാരണം പരമ്പരാഗത വിപണികള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ജെഫ് ബെസോസിന്റെ സന്ദര്‍ശനം ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ഉറ്റുനോക്കുന്നുണ്ട്.

Read more topics: # Amazon, # Jeff Bezos,

Related Articles

© 2024 Financial Views. All Rights Reserved