ജിയോ-ഫേസ്ബുക്ക് ഇടപാട്: മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര; ജാക്ക് മായെ കടത്തി വെട്ടി മുകേഷ് അംബാനി വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്; ആർഐഎല്ലിന്റെ ഓഹരികൾക്ക് 10 ശതമാനം വില വർധിച്ചു; കരാറി​ന്റെ നേട്ട‌ം റിലയൻസിനോ?

April 23, 2020 |
|
News

                  ജിയോ-ഫേസ്ബുക്ക് ഇടപാട്: മുകേഷ് അംബാനിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര; ജാക്ക് മായെ കടത്തി വെട്ടി മുകേഷ് അംബാനി വീണ്ടും ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്; ആർഐഎല്ലിന്റെ ഓഹരികൾക്ക് 10 ശതമാനം വില വർധിച്ചു; കരാറി​ന്റെ നേട്ട‌ം റിലയൻസിനോ?

ലോകത്തെ തന്നെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ഫേസ്ബുക്ക്, റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപ(5.7 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകത്തെ വലിയ നിക്ഷേപങ്ങളിലൊന്നായി തന്നെയാണ് വാണിജ്യ ലോകം ഈ കരാറിനേയും വിലയിരുത്തുന്നത്. കൊറോണ പ്രതിസന്ധി കാലത്ത് നടന്ന ഈ ഇടപാട് സാമ്പത്തിക മേഖലയുടെ ശുഭസൂചനയാണെന്നും ആത്മവിശ്വാസം പകരുന്നതാണെന്നും കരുതപ്പെടുന്നുണ്ട്. വ്യവസായ-വാണിജ്യ മേഖല ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

യുഎസ് ടെക് ഭീമനായ ഫേസ്ബുക്കുമായി നടത്തിയ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇടപാടിനെ തുടർന്ന് ചെയർമാൻ മുകേഷ് അംബാനിയെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു. ബ്രാവോ മുകേഷ്! എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയതിനെക്കുറിച്ച് മഹീന്ദ്ര തന്റെ അഭിപ്രായം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. റിലയൻസ് ജിയോ- ഫേസ്ബുക്ക് കരാർ ഈ പ്രതിസന്ധി കാലത്തിന് ശേഷമുള്ള ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രാധാന്യത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നതെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇന്ത്യയെ വളർച്ചാകേന്ദ്രമായി മാറുമെന്ന സൂചനകളാണ് ഇത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ കരാറിൽ ആർക്കാണ് നേട്ടം?

ഫേസ്ബുക്ക് നടത്തുന്ന നിക്ഷേപത്തില്‍ 15,000 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിനാണ് ലഭിക്കുക. ബാക്കി 28,000 കോടിയോളം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡിജിറ്റല്‍ ബിസിനസില്‍ മുടക്കിയിട്ടുള്ള തുക പിന്‍വലിക്കുന്നതിനായി ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ടെലികോം ഡിജിറ്റല്‍ മേഖലയെ വേര്‍തിരിച്ച് പുതിയ കമ്പനിയാക്കുന്നതിനുള്ള നീക്കം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേരത്തെ തന്നെ നടത്തിയിരുന്നു. വിവിധ ആപ്പുകള്‍, നിര്‍മിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവയെ ഉള്‍പ്പെടുത്തി ജിയോ പ്ലാറ്റ്‌ഫോം അതിനു വേണ്ടിയാണ് രൂപീകരിച്ചത്. മൊബൈല്‍ ടെലികോം, ബ്രോഡ്ബാന്‍ഡ് ബിസിനസുകള്‍ ഉള്‍പ്പടെയുള്ളവ ഈ പ്ലാറ്റ്‌ഫോമിനുകീഴിലാണ്.

നിലവില്‍ ജിയോ പ്ലാറ്റ്‌ഫോമിനുള്ള ബാധ്യത മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിലേയ്ക്കമാറ്റും. ഇതിനായി റിലയന്‍സ് ഇന്‍ഡ്‌സട്രീസിന് ജിയോ പ്ലാറ്റ്‌ഫോമിന്റെ ഓഹരിയാക്കിമാറ്റാവുന്ന 108,000 കോടിരൂപയുടെ പ്രിഫറന്‍സ് ഷെയറുകള്‍ ലഭിക്കും. ലോകത്തെവിടെയുമുള്ള ഒരു ടെക്‌നോളജി കമ്പനി നടത്തുന്ന ന്യൂനപക്ഷ ഓഹരികള്‍ക്കായുള്ള ഏറ്റവും വലിയ നിക്ഷേപമായി കരാറിനെ വിശേഷിപ്പിക്കാം. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമായുള്ള ലോകത്തെതന്നെ ഏറ്റവും വലിയ കമ്പനിയായി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് മാറും.

ആല്‍ഫബെറ്റ്, ടെന്‍സെന്റ് ഹോള്‍ഡിങ്‌സ്, ആലിബാബ ഗ്രൂപ്പ് തുടങ്ങിയ കടബാധ്യയില്ലാത്ത ലോകോത്തര കമ്പനികളുടെ നിലവാരത്തിലേയ്ക്ക് ഡിജിറ്റല്‍ ബിസിനസിനെ ഉയര്‍ത്തുകയാണ് റിലയന്‍സിന് ഫേസ്ബുക്കുമായുള്ള കരാറിനുപിന്നിലുള്ള ഒരു ലക്ഷ്യം. സ്മാര്‍ട്ട്‌ഫോണിന്റെ വര്‍ധിച്ച് വരുന്ന ഉപയോഗത്തിലൂടെ ഇ-കൊമേഴ്‌സ് മേഖല അതിവേഗം വളരുന്ന രാജ്യത്ത് ഫേസ്ബുക്കിന് റിലയന്‍സ് റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടുമായുള്ള കരാര്‍ വന്‍തോതില്‍ ഗുണം ചെയ്യും. വാട്ട്‌സാപ്പുമായി ചേര്‍ന്നുള്ള വിപണന തന്ത്രമായിരിക്കും രാജ്യത്ത് പരീക്ഷിക്കുക. രാജ്യത്തൊട്ടാകെയുള്ള ചെറുകിട വ്യവസായ-വ്യാപാര സംരംഭങ്ങളും ചെറുകിട കച്ചവടക്കാരുമായി ചേര്‍ന്നുള്ള വന്‍ ഇടപാടാണ് ജിയോ മാര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.

വാട്ട്‌സാപ്പിന് 400 മില്യണിലേറെ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ജിയോയ്ക്കാകട്ടെ 380 മില്യണും. അതിനെല്ലാം പുറമെയാണ് മുകേഷ് അംബാനിയ്ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്തബന്ധം. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിക്കിപീഡിയ ഉള്‍പ്പടെയുള്ള പ്രധാന വെബ്‌സേവനങ്ങള്‍ സൗജന്യമായി നല്‍കാന്‍ 2016 ല്‍ ഫേസ് ബുക്ക് നടത്തിയശ്രമം വിവാദമാകുകയും രാജ്യം അതിന് തടയിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍, നിലവില്‍ ഫേസ്ബുക്കിന് പുതിയൊരുലോകം തുറന്ന് കിട്ടുകയാണ്.

കോവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ സമയത്താണ് ഈ ഡീലെന്നതും ശ്രദ്ധേയമാണ്. റിലയന്‍സിന്റെ എനര്‍ജി യൂണിറ്റ് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. 1,53,132 കോടി രൂപയാണ് 2019 ഡിസംബറിലെ കണക്കുപ്രകാരം കമ്പനിയുടെ ബാധ്യത. ലോകത്തിലെ തന്നെ വലിയ എണ്ണശുദ്ധീകരണ കമ്പനികളിലൊന്നായ റിലയന്‍സിന്റെ കടം 2020-21 സാമ്പത്തികവര്‍ഷത്തില്‍ 'സീറോ'യാക്കാനും അംബാനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് കൈമാറാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഇനി അതിനുള്ള സാധ്യത വിദൂരമാണ്. ഡിജിറ്റല്‍ ബിസിനസിനായി വിപണിയിലറക്കിയ നിക്ഷേപം ഫേസ്ബുക്കുമായുള്ള കരാറിലൂടെ ഒരു പരിധി വരെ തിരിച്ചെടുക്കാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ജാക്ക് മായെ കടത്തി വെട്ടി മുകേഷ് അംബാനിയ്ക്ക് വീണ്ടും ഒന്നാമത്!

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയിൽ ഫേസ്ബുക്ക് 5.7 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോയിൽ 9.99 ശതമാനം ഓഹരികൾക്കായി ഫെയ്‌സ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2014 ൽ വാട്‌സ്ആപ്പ് സ്വന്തമാക്കിയ ശേഷമുള്ള സോഷ്യൽ മീഡിയ ഭീമന്റെ ഏറ്റവും വലിയ ഇടപാടാണിത്.

ഈ കരാറിനെ തുടർന്ന് ആർഐഎല്ലിന്റെ ഓഹരികൾ കുതിച്ചുയർന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഓഹരികൾ ഏകദേശം 10% ഉയർന്നു. ഡിജിറ്റൽ ആപ്ലിക്കേഷനുകളും വയർലെസ് പ്ലാറ്റ്‌ഫോമും ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ളതാണ് ജിയോ ഫെയ്സ്ബുക്ക് കരാറെന്ന് ആർ‌ഐ‌എൽ പറഞ്ഞു.

ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ സമ്പാദ്യം ബുധനാഴ്ച 4 ബില്യൺ ഡോളർ ഉയർന്ന് 49 ബില്യൺ ഡോളറിലെത്തി. യു‌എസിലെ ഓരോ ട്രേഡിംഗ് ദിനവും അവസാനിച്ചതിന് ശേഷമാണ് റാങ്കിംഗ് ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ഉടമയായ അംബാനിയുടെ സമ്പത്ത് ചൊവ്വാഴ്ച ബ്ലൂംബെർഗ് റാങ്കിംഗിൽ 14 ബില്യൺ ഡോളർ കുറഞ്ഞിരുന്നു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ജാക്ക് മായ്ക്ക് ചൊവ്വാഴ്ച വരെ ഒരു ബില്യൺ ഡോളറാണ് നഷ്ടമായത്.

Related Articles

© 2024 Financial Views. All Rights Reserved