വിപണിയില്‍ മടങ്ങിയെത്തി എയര്‍ടെല്‍; ജിയോക്ക് ഭീഷണി; മുകേഷ് അംബാനി-സുനില്‍ മിത്തല്‍ യുദ്ധം മുറുകുന്നു

June 06, 2020 |
|
News

                  വിപണിയില്‍ മടങ്ങിയെത്തി എയര്‍ടെല്‍; ജിയോക്ക് ഭീഷണി; മുകേഷ് അംബാനി-സുനില്‍ മിത്തല്‍ യുദ്ധം മുറുകുന്നു

റിലയന്‍സ് ജിയോയുടെ കടന്നു വരവോടെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ താരിഫ് യുദ്ധം മുറുകിയിരുന്നു. ജിയോ സൗജന്യമായി ഡേറ്റയും മറ്റും നല്‍കാന്‍ തുടങ്ങിയതോടെ ഡേറ്റ, കോള്‍ നിരക്കുകള്‍ എന്നിവ മറ്റ് കമ്പനികള്‍ക്കും കുത്തനെ കുറയ്‌ക്കേണ്ടി വന്നു. എന്നാല്‍ ജിയോയ്ക്ക് മുമ്പ് വരെ ടെലികോം രംഗത്തെ മുന്‍നിരക്കാരായിരുന്ന എയര്‍ടെല്‍ ഇപ്പോള്‍ വന്‍ തിരിച്ചുവരാണ് നടത്തുന്നത്. ഇതോടെ ടെലികോം രംഗത്തെ യുദ്ധം വീണ്ടും മുറുകി തുടങ്ങി.

ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 26 ശതമാനം ഉയര്‍ന്ന് മെയ് 19 ന് റെക്കോര്‍ഡിലെത്തി. എയര്‍ടെല്ലിന്റെ കുറഞ്ഞത് 2 ബില്യണ്‍ ഡോളര്‍ ഓഹരി വാങ്ങാന്‍ ആമസോണ്‍ ഡോട്ട് കോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് എയര്‍ടെല്‍ ഓഹരി വില കുതിച്ചുയര്‍ന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് വെളിപ്പെടുത്തലുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ആമസോണുമായി ഒരു കരാറിലും കമ്പനി ഏര്‍പ്പെട്ടിട്ടില്ലെന്നും വെറും ഊഹാപോഹങ്ങള്‍ മാത്രമാണിതെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായുള്ള കടുത്ത മത്സരത്തെ തുടര്‍ന്ന് ശതകോടീശ്വരനായ സുനില്‍ മിത്തലിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിത്തലിന്റെ കമ്പനി റെക്കോര്‍ഡ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ സര്‍ക്കാരിന് അടയ്‌ക്കേണ്ട കുടിശ്ശിക തുക കമ്പനിയ്ക്ക് കനത്ത പ്രഹരമായി. ജിയോയുടെ മറ്റൊരു എതിരാളി - വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കടക്കെണിയില്‍ നിന്ന് അതിജീവിക്കാന്‍ പാടുപെടുകയാണ്. സൗജന്യ കോളുകളും വിലകുറഞ്ഞ ഡാറ്റ പാക്കേജുകളും വാഗ്ദാനം ചെയ്യുന്ന 4 ജി സേവനവുമായി അംബാനി മുന്നേറി തുടങ്ങിയ 2016 മുതല്‍ എയര്‍ടെല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കടുത്ത ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

പേയ്മെന്റുകള്‍, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഇ-കൊമേഴ്സ് ഡിവിഷനുകളില്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് എയര്‍ടെല്ലിന്റെ ലക്ഷ്യം. യുഎസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണുമായുള്ള ചര്‍ച്ച റോയിട്ടേഴ്സ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇതില്‍ വാസ്തവമില്ലെന്നാണ് എയര്‍ടെല്ലിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ ഒരു കരാര്‍ ഭാവിയില്‍ നടന്നാല്‍ ഇന്ത്യന്‍ വയര്‍ലെസ് കാരിയറിന്റെ 300 ദശലക്ഷം വരിക്കാരെ ആമസോണിന് ലഭിച്ചേക്കും.

ഫെയ്സ്ബുക്ക് ഇങ്ക്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍ & കമ്പനി, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി എന്നിവരില്‍ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപ സമാഹരണമാണ് അംബാനി നടത്തിയിരിക്കുന്നത്. എയര്‍ടേലിന്റെ 40 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന് 65 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമാണുള്ളത്. അബുദാബിയുടെ മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ജിയോ പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കുമെന്ന് ഇന്ന് അറിയിച്ചിട്ടുണ്ട്.

കോടതി വിധിയുമായി ബന്ധപ്പെട്ട കുടിശ്ശിക അടയ്ക്കുന്നതിനും ഇന്ത്യയിലുടനീളം 4 ജി കവറേജ് വികസിപ്പിക്കുന്നതിനുമായി എയര്‍ടെല്‍ പണം സ്വരൂപിക്കുന്നുണ്ട്. മെയ് മാസത്തില്‍ ഓഹരി വില റെക്കോര്‍ഡിലെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മൊബൈല്‍ കാരിയറിലെ ഓഹരി വിറ്റുകൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നതായി എയര്‍ടെല്ലിന്റെ പേരന്റ് കമ്പനി ഭാരതി ടെലികോം ലിമിറ്റഡ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഫീസ് അടയ്ക്കാന്‍ സഹായിക്കുന്നതിനായി ജനുവരിയില്‍ എയര്‍ടെല്‍ 3 ബില്യണ്‍ ഡോളര്‍ ഓഹരികളും ബോണ്ടുകളും വിറ്റു.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം എയര്‍ടെല്‍ ഓഹരികളിലെ നേട്ടം മിത്തലിനെ ഈ വര്‍ഷം തന്റെ ആസ്തിയില്‍ 1.6 ബില്യണ്‍ ഡോളര്‍ ചേര്‍ക്കാന്‍ സഹായിച്ചു. അതേസമയം അംബാനിയുടെ ആസ്തി 1.1 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്‍ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ മുന്നേറി കൊണ്ടിരിക്കുകയാണ് കമ്പനി. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിലെ വരുമാനം 15 ശതമാനം ഉയര്‍ന്ന് 237 ബില്യണ്‍ രൂപയിലേക്ക് (3.1 ബില്യണ്‍ ഡോളര്‍) എത്തി. 2016 സെപ്റ്റംബറില്‍ ജിയോ വാണിജ്യ സേവനങ്ങള്‍ അവതരിപ്പിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Related Articles

© 2024 Financial Views. All Rights Reserved