'കശ്മീരിലെ പ്രശ്‌നം സങ്കീര്‍ണമാണ്..എനിക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയും'; ഇന്ത്യാ-യുഎസ് വ്യാപാര തര്‍ക്കം അയയുന്ന വേളയില്‍ കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥനാകാന്‍ ട്രംപ്; പ്രകോപനപരമായി സംസാരിക്കരുതെന്ന് ഇമ്രാനോട് നിര്‍ദ്ദേശം

August 21, 2019 |
|
News

                  'കശ്മീരിലെ പ്രശ്‌നം സങ്കീര്‍ണമാണ്..എനിക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയും'; ഇന്ത്യാ-യുഎസ് വ്യാപാര തര്‍ക്കം അയയുന്ന വേളയില്‍ കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥനാകാന്‍ ട്രംപ്; പ്രകോപനപരമായി സംസാരിക്കരുതെന്ന് ഇമ്രാനോട് നിര്‍ദ്ദേശം

വാഷിങ്ടണ്‍: ഇന്ത്യാ-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവ് വരുന്ന വേളയിലണ് കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യം ഏറെ സങ്കീര്‍ണമായ ഒന്നാണെന്നും വിഷയത്തില്‍ മതപരമായ ഘടകങ്ങളുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തനിക്ക് മദ്ധ്യസ്ഥത വഹിക്കാന്‍ സാധിക്കുമെന്നും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഒരു വശത്ത് ഹിന്ദുക്കള്‍ മറുവശത്ത് മുസ്ലീം വിഭാഗക്കാര്‍ എന്ന രീതിയിലാണ് പതിറ്റാണ്ടുകളായി നീങ്ങുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞ ദിവസം ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ പ്രകോപനമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കശ്മീര്‍  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ട്രംപ് ഭരണകൂടത്തോട് യുഎസ് നിയമസഭാംഗം ആവശ്യപ്പെട്ടിരുന്നു. കഴിയുന്നതും വേഗത്തില്‍ ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്തണമെന്ന് യുഎസ് നിയമസഭാംഗം ഡിയാനെ ഫെയ്ന്‍സ്റ്റീനാണ്  അഭിപ്രായപ്പെട്ടത്. യുഎസ് വ്യാപാര പ്രതിനിധിയായ റോബര്‍ ലെയ്ത്തിസര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ പറ്റി സംസാരിച്ചുവെന്നും ഡിയാനെ വ്യക്തമാക്കി. ഇപ്പോള്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒരു തരത്തിലുള്ള ഗുണം ചെയ്യില്ലെന്നും രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനില്‍ക്കുന്നതിനായി എത്രയും വേഗം വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ഡിയാനെ കൂട്ടിച്ചേര്‍ത്തു. 

2000 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല വ്യാപാര ബന്ധമാണെന്നും 2018ലെ കണക്കുകള്‍ മാത്രം നോക്കിയാല്‍ കലിഫോര്‍ണിയയില്‍ നിന്നും 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നും ഡിയാനെ വ്യക്തമാക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved