കേരളാ ബാങ്കിനെ നിയന്ത്രിക്കുക റിസര്‍വ്വ് ബാങ്ക്; എല്ലാം സുതാര്യമെന്ന് ഉറപ്പിക്കാന്‍ കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും സംസ്ഥാനസര്‍ക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കി സര്‍ക്കുലര്‍

January 04, 2020 |
|
Banking

                  കേരളാ ബാങ്കിനെ നിയന്ത്രിക്കുക റിസര്‍വ്വ് ബാങ്ക്; എല്ലാം സുതാര്യമെന്ന് ഉറപ്പിക്കാന്‍ കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും സംസ്ഥാനസര്‍ക്കാരിനുമുള്ള നിയന്ത്രണം പരിമിതമാക്കി സര്‍ക്കുലര്‍

തിരുവനന്തപുരം: കേരളബാങ്കില്‍ രജിസ്ട്രാര്‍ക്കും സംസ്ഥാനസര്‍ക്കാരിനുമുള്ള നിയന്ത്രണം പരിമിതം. കേരളബാങ്കിന്റെ പരിപൂര്‍ണ നിയന്ത്രണം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലുറപ്പിച്ച് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് ഇത്. ആര്‍.ബി.ഐ. നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലും പ്രവര്‍ത്തിക്കുന്ന സമിതിയാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്ന ഘടന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. ഭരണസമിതിക്ക് ഉപരിയായാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കേണ്ടത്. സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമാക്കാനുമാണ് ഇത്. ബാങ്ക് ചെയര്‍മാനുപുറമേ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് പ്രത്യേക ചെയര്‍മാനുണ്ടാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളാണ് ഈ സമിതി പാലിക്കേണ്ടത്.

വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉള്‍പ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് സമിതിയാകും തീരുമാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ഭരണപരമായ മേല്‍നോട്ടച്ചുമതലയും മാത്രമാണ് ആര്‍.ബി.ഐ. അനുവദിക്കുന്നത്. അര്‍ബന്‍ ബാങ്കുകളില്‍ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തില്‍ മാത്രമാണ്. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരം നിശ്ചയിച്ചത് ഇപ്പോഴാണ്. ഇതോടെ, റിസര്‍വ് ബാങ്കിന് അവരുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയിലൂടെ നേരിട്ട് കേരളബാങ്കില്‍ ഇടപെടാനാകും. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. എന്നാല്‍ റിസര്‍വ്വ് ബാങ്കുമായി തല്‍കാലം ഏറ്റുമുട്ടലിന് കേരളം മുതിരില്ല.

കുറഞ്ഞത് അഞ്ചും പരമാവധി 12-ഉം പേരടങ്ങുന്നതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്. ഇതിലെ അംഗങ്ങള്‍ അക്കൗണ്ടന്‍സി, ബാങ്കിങ്, ഫിനാന്‍സ്, നിയമം, സഹകരണം, ഇക്കണോമിക്‌സ്, ഐ.ടി., കാര്‍ഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ അറിവും പരിചയവുമുള്ളവരാകണം. ഭരണസമിതി അംഗങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റില്‍ അംഗങ്ങളാവാം. എന്നാല്‍, അത് മൊത്തം അംഗങ്ങളുടെ പകുതിയിലേറെയാവാന്‍ പാടില്ല. അംഗങ്ങളെ നിയമിക്കുന്നതിനുമുമ്പ് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങണം. ഈ സമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാന്‍ ആര്‍.ബി.ഐ.യ്ക്ക് അധികാരമുണ്ടാകും.

ഭരണസമിതിയുടെ പരിഗണനയിലെത്തുന്ന എല്ലാ കാര്യങ്ങളിലും വായ്പ അനുവദിക്കലിലും ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് സമിതിയാണ്. കുടിശ്ശിക പിരിക്കല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍, ഒത്തുതീര്‍പ്പുകള്‍ എന്നിവയ്‌ക്കെല്ലാം കര്‍മപദ്ധതി നിര്‍ദ്ദേശിക്കണം. ബാങ്ക് കടമെടുക്കുന്നതും ഫണ്ട് കൈകാര്യം ചെയ്യുന്നതും പരിശോധിക്കണം. ബാങ്കിന്റെ ഫണ്ട് നിക്ഷേപിക്കാനാവശ്യമായ ശുപാര്‍ശകള്‍ നല്‍കണം. ബാങ്കിന്റെ ആഭ്യന്തര നിയന്ത്രണവും റിസ്‌ക് മാനേജ്‌മെന്റും പരിശോധിച്ച് ഉറപ്പാക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. കംപ്യൂട്ടര്‍വത്കരണം, സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തല്‍, മറ്റ് ആകസ്മികമായുണ്ടാകുന്ന സംഭവങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും ഈ സമിതിക്കാകും.

ഇന്റേണല്‍ ഓഡിറ്റ്, ഇന്‍സ്‌പെക്ഷന്‍ എന്നിവയുടെ മേല്‍നോട്ടം, പരാതിപരിഹാര സംവിധാനങ്ങളുടെ മേല്‍നോട്ടച്ചുമതല, ഭരണസമിതിയുടെ നയപരമായ തീരുമാനം റിസര്‍വ് ബാങ്കിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്ന വിധത്തിലാകാനുള്ള ഇടപെടലും ഈ സമിതി നടത്തും.

Related Articles

© 2024 Financial Views. All Rights Reserved