എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മൊത്തം കിട്ടേണ്ടത് എഴുപത് കോടി; ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ ദുരിത ബാധിതര്‍; ബജറ്റ് പ്രഖ്യാപനങ്ങളിലെ കോടികള്‍ പോകുന്നത് എങ്ങോട്ട്?

January 31, 2019 |
|
News

                  എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മൊത്തം കിട്ടേണ്ടത് എഴുപത് കോടി; ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ ദുരിത ബാധിതര്‍; ബജറ്റ് പ്രഖ്യാപനങ്ങളിലെ കോടികള്‍ പോകുന്നത് എങ്ങോട്ട്?

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ അമ്മമാര്‍ക്ക് ആശ്വാസമേകാനായി ഇന്നത്തെ കേരളബജറ്റില്‍ അവതരിപ്പിച്ചത് 20 കോടി രൂപയാണ്. വര്‍ഷങ്ങളായി കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ നിറവേറ്റാത്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ഇന്നലെ മുതല്‍ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നില്‍ തുടങ്ങിയിരിക്കുകയാണ്. അതിനിടെയിലാണ് ബജറ്റില്‍ 20 കോടി രൂപ ഇവര്‍ക്കായി പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച 50 കോടിയുടെ പ്രഖ്യാപനം ഇപ്പോഴും നടപ്പിലായിട്ടില്ല. അത് കൊണ്ട് തന്നെ ഈ ഇരുപത് കോടിയുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു വിശ്വാസവുമില്ല എന്നതാണ് സത്യം. 

ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒരു വര്‍ഷം മുമ്പേ ദുരിതബാധിതരുടെ അമ്മമാര്‍ സമരം നടത്തിയിരുന്നു. അനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍നന്ന് അന്ന് അവര്‍ നിരാശയോടെ മടങ്ങുകയായിരുന്നു. എന്നാല്‍ അതേസമയം, വര്‍ഷങ്ങളായി ഇടവിട്ടു നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്നലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. നടത്തിയ സമരങ്ങളിലൊന്നും ഉത്തരം കിട്ടാതായപ്പോള്‍ പറഞ്ഞു ഉറപ്പിച്ച പോലെ ഇന്നലെ വീണ്ടും സമരം തുടങ്ങി. 

മുപ്പതോളം പേര്‍ സമരം ചെയ്യുന്ന സെക്രട്ടേറിയേറ്റിനു മുന്നിലുള്ള പന്തലില്‍ ബജറ്റിലെ സഹായധന പ്രഖ്യാപനത്തിന്റെ വാര്‍ത്ത എത്തിയപ്പോഴും, വാഗ്ദാനങ്ങളില്‍ അവര്‍ക്ക് സന്തോഷമില്ലായിരുന്നു. ഈ അമ്മമാരില്‍ പലര്‍ക്കും സമരം നടത്തി മടുത്തതായാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറയുന്നത്. തങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ഇനി ലഭിച്ചേക്കില്ലാ എന്ന് തന്നെയാണ് അവര്‍ ഉറപ്പിച്ച് പറയുന്നത്. 

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപടികള്‍ ആയിട്ടില്ല. ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിനായി 5 വര്‍ഷം മുന്‍പ് നബാര്‍ഡ് ഒന്നരക്കോടിയോളം രൂപ അനുവദിച്ചെങ്കിലും പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ മാത്രമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ചില സ്‌കൂളുകള്‍ പണി പൂര്‍ത്തിയായെങ്കിലും ഇതുവരെ തുറന്നു നല്‍കിയിട്ടില്ല. 2013 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റേഷന്‍ സംവിധാനം പോലും ഇതുവരെ പുനസ്ഥാപിക്കപ്പെട്ടില്ല. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ആ നിര്‍ദ്ദേശങ്ങളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്

കഴിഞ്ഞ ബജറ്റിലെ അമ്പത് കോടി എവിടെപ്പോയി എന്നാണ് അവരുടെ ചോദ്യം. പ്രഖ്യാപനമല്ലാതെ ഒന്നും നടക്കുന്നില്ല.  ഇപ്പോള്‍ പ്രഖ്യാപിച്ച 20 കോടി രൂപ എങ്ങോട്ടു പോകുമെന്നും അറിയില്ല എന്നാണ് അവരുടെ ഭാഗത്ത് നിന്നുള്ള മറുപടി. ഈ പ്രഖ്യാപിച്ച തുകയെല്ലാം നടപ്പില്‍ വരുത്തിയാല്‍ ദുരിത ബാധിതരക്ക് സുഖമായി ജീവിക്കാം. 2017 ല്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ നിന്നും  പലരേയും പുറത്താക്കപ്പെടുകയായിരുന്നു. അതെങ്കിലും പുനര്‍പരിശോധിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഇന്നലെ തുടങ്ങിയ അനിശ്ചിത കാല നിരാഹര സമരത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി കൂടി ഇന്നിവര്‍ക്ക് ഒപ്പമുണ്ട്. 

 

 

 

 

 

 

Related Articles

© 2024 Financial Views. All Rights Reserved