അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയും; ഓണത്തിന് ബോണസ് 4000 രൂപ

August 17, 2020 |
|
News

                  അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയും; ഓണത്തിന് ബോണസ് 4000 രൂപ

ഈ മാസം ഓണത്തിന് മുമ്പ് അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. 20ന് പെന്‍ഷനും 24ന് ശമ്പളവും വിതരണം ചെയ്ത് തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടും. എന്നാല്‍ അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുന്നതോടെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 27,360 രൂപവരെ ശമ്പളമുള്ളവര്‍ക്കാണ് ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞ വര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്.

ശമ്പളവും പെന്‍ഷനും മുന്‍കൂറായി നല്‍കും. കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട് ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയില്‍ ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപയാണ് കഴിഞ്ഞവര്‍ഷം ഉത്സവ ബത്ത ലഭിച്ചത്. ഓണം അഡ്വാന്‍സായി 15,000 രൂപ വരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്ക്കേണ്ട തുകയാണിത്. ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റിലെ ശമ്പളവും സെപ്തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കും. 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇതിനു പുറമേയാണ് സൗജന്യ ഓണക്കിറ്റ് വിതരണം. ഓണത്തോടനുബന്ധിച്ച് സൌജന്യ ഓണക്കിറ്റുകള്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. അഞ്ഞൂറ് രൂപയോളം വിലയുള്ള 11 ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ഇവയുടെ ഗുണനിലവാരവും തൂക്കവും പരിശോധിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്.

Related Articles

© 2024 Financial Views. All Rights Reserved