ദേശീയ പണിമുടക്കില്‍ കേരളത്തിന് നഷ്ടം 1200 കോടി രൂപ

January 09, 2020 |
|
News

                  ദേശീയ പണിമുടക്കില്‍ കേരളത്തിന് നഷ്ടം 1200 കോടി രൂപ

കേന്ദ്രസര്‍ക്കാരിന്റെ വിവിധ തൊഴില്‍ നിയമങ്ങള്‍ക്കും വ്യാപാരനയങ്ങള്‍ക്കും എതിരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായണ് സൃഷ്ടിച്ചിരുന്നത്. 24 മണിക്കൂര്‍ നീണ്ട പണിമുടക്കില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള വിഭാഗങ്ങള്‍ കൂടി പങ്കെടുത്തതോടെ വന്‍ നഷ്ടമാണ് കേരളത്തിന്റെ വാണിജ്യവ്യവസായ മേഖലയ്ക്ക് നേരിട്ടത്. 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

24 മണിക്കൂര്‍ പണിമുടക്കില്‍ ടൂറിസം മേഖലയ്ക്കും വന്‍ നഷ്ടം നേരിട്ടതായി കണക്കുകള്‍ .കടകമ്പോളങ്ങള്‍ക്കും ടൂറിസം മേഖലയിലും വന്‍ നഷ്ടമാണ് നേരിട്ടത്. പല വ്യവസായ യൂനിറ്റുകളും പൂര്‍ണമായും പ്രവര്‍ത്തനരിഹതിമായി. കൊച്ചി ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഹാജര്‍ നില വളരെ കുറവായിരുന്നത് വലിയതോതിലാണ് ഉല്‍പ്പാദന നഷ്ടത്തിന് ഇടയാക്കിയത്. ആഭരണ വില്‍പ്പന ശാലകള്‍ അടഞ്ഞുകിടന്നത് മൂലം നൂറ് കോടിരൂപയുടെ വില്‍പ്പന മുടങ്ങിയെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് മാത്രം 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ ഉണ്ടായിട്ട് പോലും ബാങ്കിങ് മേഖലയില്‍ ഇടപാടുകളില്‍ നാല്‍പത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണപ്പണയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ ഇടപാട് സ്ഥാപനങ്ങള്‍ക്ക് ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമാണ്  നേരിട്ടത്. കൊച്ചിയിലെ പ്രമുഖ ഉപഭോക്തൃകേന്ദ്രമായ ലുലുമാളില്‍ മാത്രം പത്ത് കോടിരൂപയുടെ ബിസിനസ് നഷ്ടമുണ്ടായതായി അധികൃതര്‍ പറയുന്നു.

ഇന്നലെ നടന്ന ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയുടെ ഒരു വിഭാഗവും പങ്കെടുത്തിരുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിലേക്ക് നീങ്ങിയിരുന്നു. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് മാത്രം അഞ്ച് കോടിരൂപയുടെ ധനനഷ്ടമുണ്ടായി. സ്വകാര്യ ഗതാഗത സര്‍വീസ് മേഖലയുടെ നഷ്ടം ഇതിലും അധികമാകുമെന്നാണ് വിവരം. വിദേശ ടൂറിസ്റ്റുകളുമായി കേരളത്തീരത്ത്  ഇന്നലെ എത്തിയ കോസ്റ്റ വിക്ടോറിയ എന്ന ഇറ്റാലിയന്‍ കപ്പലില്‍ 1500 ഓളം വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. ഓരോ സഞ്ചാരിയും കുറഞ്ഞത് 1500 രൂപയെങ്കിലും വിപണിയില്‍ ചെലവിടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതൊക്കെ കണക്കിലെടുത്താല്‍ വന്‍ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്.

 

Related Articles

© 2024 Financial Views. All Rights Reserved