കെഎസ്എഫ്ഇ ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലെ സമാഹരണം നൂറ് കോടി കവിഞ്ഞു; പ്രവാസികള്‍ക്ക് സുവര്‍ണാവസരം

February 18, 2020 |
|
News

                  കെഎസ്എഫ്ഇ ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലെ സമാഹരണം നൂറ് കോടി കവിഞ്ഞു; പ്രവാസികള്‍ക്ക് സുവര്‍ണാവസരം

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള കെഎസ്എഫ്ഇ പ്രവാസി ചിട്ടികളില്‍ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്കുള്ള സമാഹരണം  100 കോടി കവിഞ്ഞു. പ്രവാസി ചിട്ടിയില്‍ ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികള്‍ക്കും അംഗമാകാന്‍ കഴിയും. നിലവില്‍ 70 രാജ്യങ്ങളില്‍ നിന്നായി 47,437 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളില്‍ നിന്നു തന്നെ 647 കോടി രൂപ ടേണ്‍ ഓവറാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2018 നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടിയിലൂടെ ആദ്യ അഞ്ച് മാസങ്ങള്‍ കൊണ്ട് നേടിയെടുത്തത്.

കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്റെ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയില്‍ ചേരാം. സമ്പൂര്‍ണ കോര്‍ ബാങ്കിങ് വന്നതോടെ ഇടപാടുകാര്‍ക്ക് ഏതു ശാഖയില്‍ ചെന്നാലും പണം അടയ്ക്കാനാകും. ചിട്ടിയില്‍ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. കൂടാതെ ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സ്‌കീം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3000 മുതല്‍ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതല്‍ 60 മാസം വരെയും. ചിട്ടിയില്‍ ചേര്‍ന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയില്‍ തുടരാം.

 

Related Articles

© 2024 Financial Views. All Rights Reserved