സ്വദേശികള്‍ക്കു തൊഴില്‍ വേണം; വിദേശികളെ പുറത്താക്കുന്നു; നയം വ്യക്തമാക്കി കുവൈത്ത്

June 04, 2020 |
|
News

                  സ്വദേശികള്‍ക്കു തൊഴില്‍ വേണം; വിദേശികളെ പുറത്താക്കുന്നു; നയം വ്യക്തമാക്കി കുവൈത്ത്

സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ആസൂത്രിത നടപടിയുടെ ഭാഗമായി രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ. കൊറോണ വൈറസ് ബാധയും എണ്ണ വിലയിടിവും ചേര്‍ന്ന് ഗള്‍ഫ് സമ്പദ്വ്യവസ്ഥയെ ഉലച്ചതോടെയാണ് ലക്ഷക്കണക്കിനു പ്രവാസി മലയാളികളുടെ ഉള്ളില്‍ തീ കോരിയിടുന്ന നിലപാട് രാജ്യത്തെ  മാധ്യമ എഡിറ്റര്‍മാരുടെ മുന്നില്‍  പ്രധാനമന്ത്രി വ്യക്തമാക്കിയത്.

കുവൈത്തിലെ 4.8 ദശലക്ഷം ജനങ്ങളില്‍ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്. ഏകദേശം 70 ശതമാനം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നത് ഭാവി വെല്ലുവിളിയാണ്- ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തില്‍ കൂടുതലാകരുത്  പ്രവാസികളുടെ എണ്ണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ജനസംഖ്യയുടെ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ നിര്‍ദ്ദേശങ്ങളടങ്ങുന്ന കരട് ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.

ബില്‍ നിയമമാകുന്നപക്ഷം, നിലവിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ പ്രവാസി സമൂഹത്തിനും നിര്‍ദ്ദേശിക്കുന്ന ശതമാന നിരക്കനുസരിച്ച് പരമാവധി 15 ശതമാനം വിസ മാത്രമേ ഇന്ത്യക്കാര്‍ക്കു നല്‍കൂ. ഫിലിപ്പിനോകള്‍ക്കും, ശ്രീലങ്കക്കാര്‍ക്കും, ഈജിപ്തുകാര്‍ക്കും മറ്റും  10 ശതമാനം വീതവും. നിലവില്‍ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന ഇന്ത്യക്കാരില്‍ 8 ലക്ഷത്തോളം പേരെ ഇതോടെ ഒഴിവാക്കും. മലയാളികളാകും ഇതില്‍ ബഹുഭൂരിപക്ഷം പേരും. ദേശീയ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ ജനസംഖ്യ വെട്ടി കുറയ്ക്കുന്നത്.

സമ്പദ് ഘടന വന്‍ തളര്‍ച്ചയെ നേരിടുമ്പോള്‍ പുറത്തുനിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികള്‍ ഇനി രാജ്യത്ത് വേണ്ടെന്ന നിലപാടാണ് നിയമനിര്‍മ്മാതാക്കള്‍ക്കുള്ളത്. ലക്ഷത്തിലേറെ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ തസ്തികകളില്‍ പൂര്‍ണ്ണമായും കുവൈത്തികള്‍ക്കു നിയമനം നല്‍കണമെന്ന നിര്‍ദ്ദേശവും എം പി മാര്‍ മുന്നോട്ടുവച്ചിരുന്നു. സ്വദേശിവത്കരണത്തിന്റ ഭാഗമായി ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വെയ്‌സും 1500 വിദേശികളെ പിരിച്ചു വിടാന്‍ നീക്കമാരംഭിച്ചു.

അതേസമയം, ദേശീയ തൊഴില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള കടുത്ത നടപടികള്‍ പ്രായോഗികമല്ലെന്നും രാജ്യത്തിന്റെ സമ്പദ്വ്യസ്ഥയെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍  അതിടയാക്കുമെന്നുമുള്ള വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. വീട്ടുജോലി ചെയ്യാന്‍ പോലും കുവൈത്തികള്‍ തയ്യാറല്ലെന്ന അനുഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശത്തു നിന്നുള്ള 650,000 ഗാര്‍ഹിക സഹായികളെങ്കിലും നിലവില്‍ രാജ്യത്തുണ്ട്. ഫിലിപ്പിന്‍സ്, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. വിദേശികളെ പറഞ്ഞവിട്ടാല്‍ രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോഗം കുറയുമെന്ന നിരീക്ഷണവും ട്വിറ്ററില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.

കുവൈത്ത് വര്‍ഷങ്ങളായി തൊഴില്‍ മേഖലകളില്‍ നിന്നു പ്രവാസികളെ മാറ്റി സ്വന്തം പൗരന്മാരെ പകരം കയറ്റാന്‍ നടത്തിവന്ന നീക്കമാണ്  കൊറോണ വൈറസ് വന്നതോടെ ത്വരിത ഗതിയിലായത്.മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇതു തന്നെയാണവസ്ഥ. 2019 അവസാനത്തെ കണക്കനുസരിച്ച് സ്വകാര്യ മേഖലയിലുള്ള കുവൈറ്റ് തൊഴിലാളികളുടെ എണ്ണം 19% മാത്രമായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കവേ  പ്രവാസി വിരുദ്ധ ആശയ പ്രാചാരണം വോട്ടര്‍മാരെ ആകര്‍ഷിക്കുന്നു.വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി കൊണ്ടുവന്ന് തൊഴിലുടമകള്‍ക്കിടയില്‍ കൈമാറുന്ന അനധികൃത സമ്പ്രദായം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി കുവൈത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved