കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈറ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പണമയയ്ക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

May 20, 2020 |
|
News

                  കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈറ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പണമയയ്ക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

കുവൈറ്റില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് കുവൈത്തിലെ ഒരു മുതിര്‍ന്ന നിയമസഭാംഗം പറഞ്ഞു. പാര്‍ലമെന്റിന്റെ മാനവ വിഭവശേഷി സമിതി തലവന്‍ എംപി ഖലീല്‍ അല്‍ സാലിഹ് നിര്‍ദ്ദിഷ്ട നികുതി സംബന്ധിച്ച കരട് നിയമം നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ പണം കൈമാറ്റത്തിന് നികുതി ചുമത്തുന്നത് രാജ്യത്തിന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിലും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിലും വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്തില്‍ നിന്ന് പ്രതിവര്‍ഷം 4.2 ബില്യണ്‍ ദിനാര്‍ കുടിയേറ്റ തൊഴിലാളികള്‍ കൈമാറുന്നു.

ലോകത്തെ മിക്ക രാജ്യങ്ങളിലും ഒന്നിലധികം ഗള്‍ഫ് രാജ്യങ്ങളിലും ഈ സംവിധാനം പ്രാബല്യത്തില്‍ ഉണ്ട്. അവിടെ പ്രവാസികള്‍ ഇതിനെ എതിര്‍ത്തിട്ടില്ല. പണം രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ അനുവദിക്കുന്നത് വളരെ അപകടകരമാണ്. ഇത് സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്നും എംപി അല്‍ സാലിഹ് പറഞ്ഞു. സാമ്പത്തിക കൈമാറ്റത്തിന് പ്രതീകാത്മക ഫീസ് ചുമത്തുന്നത് അവരുടെ പണത്തെ ബാധിക്കുകയില്ല. പക്ഷേ സംസ്ഥാനത്തിന്റെ ഉറവിടങ്ങളില്‍ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിന് പുറത്ത് കൈമാറ്റം ചെയ്യപ്പെടുന്ന പണം പ്രതിവര്‍ഷം 4.2 ബില്യണ്‍ ദിനാറിലെത്തിയതോടെയാണ് നികുതി ഏര്‍പ്പെടുത്തല്‍ ആവശ്യകതയായി മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നികുതി ഏര്‍പ്പെടുത്തുന്നതിന് വിവിധ എംപിമാരും പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കുവൈത്തിലെ 4.6 മില്യണ്‍ ജനസംഖ്യയുടെ 3.3 മില്യണ്‍ വിദേശ തൊഴിലാളികളാണ്. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിനും പ്രവാസികള്‍ ആരോഗ്യ സൌകര്യങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്നും കോവിഡ് -19 ഭീഷണി വര്‍ദ്ധിപ്പിക്കുമെന്നും ആരോപിച്ച് നിരവധി കുവൈറ്റ് പൊതുജനങ്ങള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

പണമിടപാടിനുള്ള നികുതി കുഴല്‍പ്പണ സാധ്യതകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെ സാമ്പത്തിക രംഗത്തുള്ളവരുടെ പ്രതികരണം. നിയമപരമായ വഴിയിലൂടെ പണമയക്കുന്നതിന് നികുതി നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഹവാല ഉള്‍പ്പെടെയുള്ള ഇടപാടുകളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. മുമ്പ് ഒരിയ്ക്കല്‍ നികുതി ഈടാക്കാനുള്ള തീരുമാനം മന്ത്രിസഭ തള്ളിയിരുന്നു.

സര്‍ക്കാരിനും കേന്ദ്ര ബാങ്കിനും നിയമ മന്ത്രാലയത്തിനും താത്പര്യമില്ലാത്ത സ്ഥിതിയ്ക്ക് പദ്ധതിയ ഉടന്‍ നടപ്പാകില്ലെന്നാണ് വിവരം. ഇത്തരത്തിലൊരു നികുതി പ്രാബല്യത്തില്‍ വന്നാല്‍ കുവൈറ്റിന്റെ സമ്പദ്ഘടനയെ അത് സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ?ഗ്ധര്‍ വ്യക്തമാക്കുന്നു. വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിട്ടാല്‍ അത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved