കേരളത്തില്‍ ഇന്നു മുതല്‍ ഭാഗ്യമെത്തുന്നു; ലോട്ടറി വില്‍പ്പന ആരംഭിച്ചു

May 21, 2020 |
|
News

                  കേരളത്തില്‍ ഇന്നു മുതല്‍ ഭാഗ്യമെത്തുന്നു; ലോട്ടറി വില്‍പ്പന ആരംഭിച്ചു

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന ഇന്ന് ആരംഭിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു. ധനമന്ത്രി തോമസ് ഐസക് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. ലോട്ടറി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജൂണ്‍ രണ്ടിന് ലോട്ടറികളുടെ നറുക്കെടുപ്പ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ്. ലോക്ക്‌ഡൌണിനെ തുടര്‍ന്ന് എട്ടു ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റി വച്ചിരുന്നത്. ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള ലാഭം പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതും കണക്കിലെടുത്താണ് നറുക്കെടുപ്പ് പുനരാരംഭിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു. വിറ്റുപോകാത്ത പൗര്‍ണമി, വിന്‍ വിന്‍, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരില്‍ നിന്ന് തിരിച്ചെടുക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

25 ടിക്കറ്റുകള്‍ അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകള്‍ തിരിച്ചെടുക്കൂ. ചില്ലറയായി ടിക്കറ്റുകള്‍ തിരിച്ചെടുക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ലോക്ക് ഡൗണ്‍ മൂലം മാര്‍ച്ച് 23നാണ് സംസ്ഥാനത്ത് ലോട്ടറി വില്പന നിറുത്തി വച്ചത്. കോവിഡ് പെരുമാറ്റചട്ടം പാലിച്ചാകും വില്‍പ്പന. വില്‍പ്പനക്കാര്‍ക്കുള്ള മാസ്‌കും കുപ്പി സാനിട്ടൈസറും ക്ഷേമനിധി ബോര്‍ഡുവഴി സൗജന്യമായി നല്‍കും.

ക്ഷേമനിധി അംഗങ്ങളായ വില്‍പ്പനക്കാര്‍ക്ക് 100 ടിക്കറ്റ് കടം നല്‍കും. ഓണത്തിനുമുമ്പ് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. മുടങ്ങിയാല്‍ ഓണംബോണസില്‍ കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു. അടച്ചുപൂട്ടലിന്റെ ഭാഗമായി ഉപയോഗശൂന്യമായ ടിക്കറ്റുകള്‍ ഭാഗ്യക്കുറി ഓഫീസിലെത്തിച്ചാല്‍, അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റ് നല്‍കും. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവര്‍ക്ക് ആയിരം രൂപ ആശ്വാസ ധനവും സര്‍ക്കാര്‍ നല്‍കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved