വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം നീട്ടി കേരള സര്‍ക്കാര്‍; നികുതി ഈടാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

March 21, 2020 |
|
News

                  വസ്തു നികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം നീട്ടി കേരള സര്‍ക്കാര്‍; നികുതി ഈടാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 ന് മുന്‍പ് വസ്തു നികുതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്. കൊവിഡ് -19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നികുതി പിരിവിനായി ക്യാംപുകള്‍ സംഘടിപ്പിക്കണമെന്നുളള നിര്‍ദ്ദേശമാണ് നേരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുളള അവസാന തീയതിയും ഏപ്രില്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. 

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജി.എസ്.ടി, കെട്ടിട നികുതി, വാഹനനികുതി, വരുമാന നികുതി എന്നിവ ഈടാക്കുന്നതിന് അധികൃതര്‍ റിക്കവറി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ സുപ്രീം കോടതിയുടെ സ്റ്റേ വന്നു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സ്റ്റേ. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബാങ്ക് വായ്പാകുടിശികയും നികുതി കുടിശികയും ഈടാക്കുന്നത് ഏപ്രില്‍ ആറുവരെ നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആദായ നികുതി വകുപ്പ്, ജി.എസ്.ടി. അധികൃതര്‍ എന്നിവര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെത്തന്നെ കേന്ദ്രം പ്രത്യേകാനുമതി ഹര്‍ജി നല്‍കി. ഫയല്‍ നമ്പര്‍ ആകുന്നതിനു മുമ്പു തന്നെ വിധിയും വന്നു.

കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും നികുതി വകുപ്പുകളെയും ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളെയും അറിയിക്കാനും നടപടികള്‍ നിര്‍ത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് വിധികളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എ്ന്നാല്‍ വിശദമായ വാദം പിന്നീട് നടക്കും.

ജപ്തി നടപടി നിര്‍ത്തി വയ്ക്കണമെന്നും ജി.എസ്.ടി., കെട്ടിട നികുതി, വസ്തു നികുതി, മറ്റു നികുതികള്‍ ഈടാക്കുന്നതും സര്‍ഫാസി നിയമപ്രകാരമുള്ള റവന്യൂ റിക്കവറി തുടങ്ങിയവ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശ്രീറാം ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തിനെതിരായി സ്വകാര്യവ്യക്തി നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ജഡ്ജി അമിത് റാവലിന്റെ വിധി.

രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിധി പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്കു പരിമിതിയുണ്ട്. കാരണം വരുമാന നികുതി നിയമം കേന്ദ്രനിയമമായതിനാല്‍ അതു മറികടക്കാന്‍ ഹൈക്കോടതിക്കാവില്ല. മാത്രമല്ല, നികുതിപിരിവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിധി നടപ്പായാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗത്തെ ബാധിക്കും. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ നികുതി പിരിവ് ഊര്‍ജിതമായി നടക്കുന്ന സമയവുമാണ്.

Related Articles

© 2024 Financial Views. All Rights Reserved