ഓള്‍ട്ടോ കെ10 ഇനിയില്ല!

April 25, 2020 |
|
Lifestyle

                  ഓള്‍ട്ടോ കെ10 ഇനിയില്ല!

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാരുതി സുസുകി ഓള്‍ട്ടോ കെ10 നിര്‍ത്തി. ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും വിധം ഈ മോഡല്‍ പരിഷ്‌കരിച്ചിരുന്നില്ല. മാരുതി സുസുകി ഇന്ത്യയുടെ വെബ്‌സൈറ്റില്‍നിന്ന് ഓള്‍ട്ടോ കെ10 നീക്കം ചെയ്തു.

ബിഎസ് 4 പാലിച്ചിരുന്ന 1.0 ലിറ്റര്‍ കെ10ബി പെട്രോള്‍ എന്‍ജിനാണ് മാരുതി ഓള്‍ട്ടോ കെ10 ഹാച്ച്ബാക്കിന് കരുത്തേകിയിരുന്നത്. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചു. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരുന്നു 998 സിസി എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഓള്‍ട്ടോ കെ10 ഹാച്ച്ബാക്കിന്റെ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി വേരിയന്റ് കൂടി വിപണിയില്‍ ലഭ്യമായിരുന്നു.

എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ(ഒ), വിഎക്‌സ്‌ഐ എഎംടി, എല്‍എക്‌സ്‌ഐ സിഎന്‍ജി എന്നീ വേരിയന്റുകളിലാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10 വിറ്റിരുന്നത്. 3.60 ലക്ഷം മുതല്‍ 4.39 ലക്ഷം രൂപ വരെ ആയിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍ നല്‍കി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഓള്‍ട്ടോ കെ10 ഏറ്റവുമൊടുവില്‍ പരിഷ്‌കരിച്ചത്.

ബിഎസ് 6 പാലിക്കുംവിധം 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിച്ചെങ്കിലും ഓള്‍ട്ടോ ഹാച്ച്ബാക്കില്‍ നല്‍കിയില്ല. മാരുതി സുസുകി എസ് പ്രെസോ ഉപയോഗിക്കുന്നത് ബിഎസ് 6 പാലിക്കുന്ന ഈ എന്‍ജിനാണ്. 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന മാരുതി സുസുകി ഓള്‍ട്ടോ വിപണിയില്‍ തുടരും. 796 സിസി എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved