മാരുതി സുസുക്കി ഇന്ത്യയുടെ മാർച്ച് മാസത്തെ വിൽപ്പനയിൽ 47 ശതമാനം ഇടിവ്; വിൽപ്പന 83,792 യൂണിറ്റ് മാത്രം; കൊറോണയുടെ പിടി മുറുകുന്നു

April 01, 2020 |
|
Lifestyle

                  മാരുതി സുസുക്കി ഇന്ത്യയുടെ മാർച്ച് മാസത്തെ വിൽപ്പനയിൽ 47 ശതമാനം ഇടിവ്; വിൽപ്പന 83,792 യൂണിറ്റ് മാത്രം; കൊറോണയുടെ പിടി മുറുകുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എം‌എസ്‌ഐ) മാർച്ച് മാസത്തെ വിൽപ്പനയിൽ 47 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാർച്ചിൽ 83,792 യൂണിറ്റാണ് വിൽപ്പന. അതേസമയം ഇതേകാലയളവിൽ കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനി 1,58,076 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.

ആഭ്യന്തര വിൽപ്പന 46.4 ശതമാനം ഇടിഞ്ഞ് 79,080 യൂണിറ്റായി. 2019 മാർച്ചിൽ ഇത് 1,47,613 യൂണിറ്റായിരുന്നു. ആൾട്ടോ, വാഗണർ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 15,988 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,826 ആയിരുന്നു. അഞ്ച് ശതമാനം ഇടിവാണ് ഇത് രേഖപ്പെടുത്തുന്നത്.

എന്നാൽ കോംപാക്റ്റ് സെഗ്‌മെന്റിന്റെ മോഡലുകളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയുടെ വിൽപ്പന 50.9 ശതമാനം ഇടിഞ്ഞ് 40,519 യൂണിറ്റായി. കഴിഞ്ഞ മാർച്ചിലെ 82,532 യൂണിറ്റ് എന്ന കണക്കിൽ നിന്നാണ് ഈ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഡിയം വലുപ്പത്തിലുള്ള സെഡാൻ സിയാസ് 1,863 യൂണിറ്റ് വിറ്റു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇതിന്റെ വിൽപ്പന 3,672 യൂണിറ്റാണ്.

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 53.4 ശതമാനം ഇടിഞ്ഞ് 11,904 യൂണിറ്റായി. മുൻ വർഷം ഇത് 25,563 ആയിരുന്നുവെന്ന് എംഎസ്ഐ പറയുന്നു. അതുപോലെ കയറ്റുമതിയിലും ഇടിവുണ്ടായിട്ടുണ്ട്. കയറ്റുമതി 55 ശതമാനം ഇടിഞ്ഞ് 4,712 യൂണിറ്റായി. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 10,463 യൂണിറ്റായിരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിക്കുന്നത് തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് രാജ്യം മുഴുവൻ 21 ദിവസത്തേക്ക് പൂർണമായി പൂട്ടിയിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റോഡ്, റെയിൽ, വ്യോമ സർവീസുകളുൾപ്പെടെ എല്ലാം നിർത്തിവെച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി രാജ്യം മുഴുവൻ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വാഹന വിപണിയിലും തകർച്ച നേരിടുന്നുണ്ട്. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണും ഉപഭോക്തൃ മനോഭാവത്തിലെ വ്യത്യാസവും വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved