മെട്രോകള്‍ നിശ്ചലമായിട്ട് 100 ദിവസം പിന്നിടുന്നു; കൊച്ചി മെട്രോയ്ക്ക് നഷ്ടം 25 കോടി രൂപ

July 04, 2020 |
|
News

                  മെട്രോകള്‍ നിശ്ചലമായിട്ട് 100 ദിവസം പിന്നിടുന്നു;  കൊച്ചി മെട്രോയ്ക്ക് നഷ്ടം 25 കോടി രൂപ

കൊച്ചി: രാജ്യത്തെ മെട്രോകള്‍ നിശ്ചലമായിട്ട് 100 ദിവസം പിന്നിടുമ്പോള്‍ മെട്രോ ഓടുന്ന സംസ്ഥാനങ്ങള്‍ക്കു വന്‍ അധിക ബാധ്യത. കമ്മിഷന്‍ ചെയ്ത 10 മെട്രോകള്‍ക്കു മാത്രം 1,82,517  കോടിരൂപയുടെ വായ്പയുണ്ട്. ദിവസം ശരാശരി 60,000 യാത്രക്കാരും വരുമാനം 25 ലക്ഷവുമുള്ള കൊച്ചി മെട്രോയില്‍ 100 ദിവസത്തെ നഷ്ടം 25 കോടി രൂപയാണ്. 30 ലക്ഷം യാത്രക്കാരുള്ള ഡല്‍ഹി, 4 ലക്ഷം യാത്രക്കാരുള്ള മുംബൈ, ബെംഗളൂരു മെട്രോകളുടെ നഷ്ടം ഊഹിക്കാവുന്നതേയുള്ളു.

വായ്പയുടെ തിരിച്ചടവില്‍ ഇളവുനല്‍കണമെന്നു വിവിധ മെട്രോകള്‍ കേന്ദ്ര സര്‍ക്കാര്‍ വഴി വായ്പാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഡല്‍ഹി മെട്രോ ഒഴികെ എല്ലാ മെട്രോകള്‍ക്കും വായ്പാ തിരിച്ചടവിന്റെ ആദ്യവര്‍ഷങ്ങളാണിത്. ഉയര്‍ന്ന പലിശ നല്‍കേണ്ട കാലം. വിദേശവായ്പയ്ക്കു കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുമെങ്കിലും വായ്പയുടെ തിരിച്ചടവും  വരവും ചെലവും തമ്മിലുള്ള അന്തരം കണ്ടെത്തലും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.( ഡല്‍ഹി മെട്രോയ്ക്കു മാത്രം ഇതിന്റെ 50 % ബാധ്യത കേന്ദ്രം വഹിക്കും).

രാജ്യത്തെ മെട്രോകള്‍ പ്രതിസന്ധിയിലാണ്. എന്നാല്‍ ഇതു ദീര്‍ഘകാല നിക്ഷേപമാണ്. ഇപ്പോള്‍ അതില്‍ നിന്നു വരുമാനം ലഭിക്കുന്നില്ല. അതിന്റെ  നഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ട്.  കൊച്ചിയടക്കം ഒട്ടേറെ മെട്രോകള്‍ വിദേശ വായ്പകള്‍ പുനഃക്രമീകരിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഭ്യന്തര വായ്പകള്‍ക്കു ബാങ്കുകള്‍ നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved