2020തോടെ 500 കോടി വരുമാനം നേടാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി മൊബിക്വിക്ക്; ജനുവരിയില്‍ മാത്രം റവന്യു റണ്‍ റേറ്റ് 218 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ട്

September 04, 2019 |
|
News

                  2020തോടെ 500 കോടി വരുമാനം നേടാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി മൊബിക്വിക്ക്;  ജനുവരിയില്‍ മാത്രം  റവന്യു റണ്‍ റേറ്റ് 218 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ട്

ഡല്‍ഹി:  ഇന്ത്യന്‍ നിര്‍മ്മിത ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ മൊബിക്വിക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ ശക്തമാക്കുന്നതിനുള്ള നീക്കത്തിലാണ്. 2020തോടു കൂടി 500 കോടി രൂപ വരുമാനം കമ്പനിയിലേക്ക് കൊണ്ടു വരുമെന്നാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനായ മൊബിക്വിക്ക് അറിയിച്ചിരിക്കുന്നത്. ഫിന്‍ടെക്ക് മേഖലയിലെ വമ്പന്മാരായ പേടിഎം, ഫോണ്‍പേ എന്നിവയടക്കമുള്ള കമ്പനികളുമായിട്ടാണ് മൊബിക്വിക്ക് മത്സരിക്കുന്നത്. മാത്രമല്ല നാലു വര്‍ഷക്കാലയളവിലേക്കുള്ള ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിങ് കമ്പനി നടത്തുമെന്നും സൂചനകള്‍ പുറത്ത് വരുന്നു.

കമ്പനിയിലേക്ക് വരുമാനം വരുന്നതിനായി തങ്ങള്‍ അനുഭവിച്ചിരുന്ന ആദ്യ പ്രതിസന്ധി ഈ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി മറികടന്നിരുന്നു. 2020 മാര്‍ച്ചോടെ 500 കോടി വാര്‍ഷിക വരുമാനം നേടാനുള്ള നീക്കത്തിലാണ് കമ്പനി. ഇത് ഏകദേശം 100 മില്യണ്‍ യുഎസ് ഡോളര്‍ വരും. തങ്ങളുടെ ഫിന്‍ടെക്ക് സ്‌കെയില്‍ എന്നത് 2020തോടെ ഇരട്ടിപ്പിക്കുമെന്നും 2021ല്‍ ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ പൂര്‍ണമായും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറുമെന്നും മൊബിക്വിക്ക് സഹസ്ഥാപകയായ  ഉപാസനാ ടാക്കു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

500 കോടി എന്ന ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ 2023-24ഓടെ ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങ് നടത്തുമെന്ന് ഉപാസന അറിയിച്ചു. നിശ്ചിത കാലയളവിനുള്ളില്‍ ഓണ്‍ലൈന്‍ റീട്ടെയിലിങ് മേഖലയില്‍ നടക്കുന്ന ആകെ വില്‍പനയ്ക്ക് പറയുന്ന പേരാണ് റവന്യു റണ്‍ റേറ്റ്. 

ഈ വര്‍ഷം ജനുവരിയില്‍ മൊബിക്വിക്കിന്റെ റവന്യു റണ്‍ റേറ്റ് എന്നത് 218 കോടിയായിരുന്നു. തങ്ങള്‍ക്ക് ഇതിനോടകം 50 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായി എന്നാണ് മൊബിക്വിക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇ-പേയ്‌മെന്റ് രംഗത്ത് ഇപ്പോള്‍ മത്സരം ശക്തമാണെന്നും കാഷ് ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ട് ഓഫറുകളും കൊണ്ട്  ഉപഭോക്താക്കളെ നേടാനുള്ള ശ്രമത്തിലാണ് മറ്റ് കമ്പനികളെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved