റിലയന്‍സ് ജിയോക്ക് മൂന്നിരട്ടി ലാഭം; ഫേസ്ബുക്ക് നിക്ഷേപത്തില്‍ വന്‍ നേട്ടം; റിലയന്‍സ് ഇന്റസ്ട്രീസിനെ കടരഹിതമാക്കാനുള്ള ലക്ഷ്യം കൈയെത്തും ദൂരത്ത്

May 02, 2020 |
|
News

                  റിലയന്‍സ് ജിയോക്ക് മൂന്നിരട്ടി ലാഭം; ഫേസ്ബുക്ക് നിക്ഷേപത്തില്‍ വന്‍ നേട്ടം; റിലയന്‍സ് ഇന്റസ്ട്രീസിനെ കടരഹിതമാക്കാനുള്ള ലക്ഷ്യം കൈയെത്തും ദൂരത്ത്

മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ടെലികോം സ്ഥാപനമായ റിലയന്‍സ് ജിയോക്ക് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 177.5 ശതമാനം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലത്ത് ലഭിച്ച 840 കോടിയെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധനവാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. 2,331 കോടിയായാണ് ലാഭത്തില്‍ വര്‍ധന ഉണ്ടായത്. 

ജിയോയുടെ 2018-19ലെ മൊത്ത ലാഭം 2,964 കോടിയായിരുന്നു. 2019-20 ല്‍ ഇത് 5,562 കോടിയായി ഉയര്‍ന്നു. 88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 38.75 കോടി ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെ വര്‍ധന.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്ന് 128.4 രൂപയാണ് ജിയോയ്ക്ക് ലാഭം ലഭിച്ചിരുന്നത്. ഇത്തവണ അത് 130.6 രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ലാഭം ലഭിച്ചതിന് പിന്നാലെ കമ്പനി ജിയോമീറ്റ് എന്ന പുതിയ വീഡിയോ പ്ലാറ്റ്‌ഫോം ദേശീയ തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് 43,574 കോടി നിക്ഷേപിച്ചതിനെ കുറിച്ചും ജിയോ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ 14,976 കോടി ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഭാവി വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ റിലയന്‍സിനെ കടരഹിതമാക്കാനുള്ള ലക്ഷ്യത്തിനോട് അടുത്തിരിക്കുകയാണ്. പ്രധാന ബിസിനസുകളില്‍ തന്ത്രപരമായി നിക്ഷേപകരെ കൊണ്ടുവരുന്നതിലൂടെയും കൂടുതല്‍ ഓഹരി നല്‍കുന്നതിലൂടെയും മുകേഷ് അംബാനി തന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 1.61 ലക്ഷം കോടി രൂപയുടെ അറ്റകടം തുടച്ചുനീക്കുന്നതിനുള്ള ശ്രമം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി 2021 മാര്‍ച്ചില്‍ ഓയില്‍ മുതല്‍ ടെലികോം വരെയുള്ള സംരംഭങ്ങളെ കടരഹിതമാക്കാനായി ലക്ഷ്യം വച്ചിരുന്നു. 5.7 ബില്യണ്‍ യുഎസ് ഡോളറിന്റെ (43,547 കോടി രൂപ) ഫേസ്ബുക്കുമായുള്ള കരാര്‍, 53,125 കോടി രൂപയുടെ അവകാശ ഇഷ്യു, സൗദി അരാംകോ പോലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ ഓഹരി വില്‍പ്പന എന്നിവയിലൂടെ ഡിസംബറോടെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയുണ്ട്.

2020 കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ അറ്റകടം പൂജ്യമാക്കുന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആര്‍ഐഎല്ലിന്റെ ജോയിന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീകാന്ത് വെങ്കടാചാരി പറഞ്ഞു. ഓഗസ്റ്റിലെ ഈ പ്രഖ്യാപനത്തിനുശേഷം, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാല്‍ ഏറ്റവും വലുതുമായ മൊബൈല്‍ ഓപ്പറേറ്ററായ ജിയോ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്കിന് വിറ്റിരുന്നു. റിലയന്‍സിന്റെ എണ്ണ, പെട്രോകെമിക്കല്‍സ് ബിസിനസുകളെ പ്രത്യേകമായി പരിഗണിക്കാനും തീരുമാനിച്ചു. സൗദി അറേബ്യന്‍ ഓയില്‍ കോ (സൗദി അരാംകോ)യുമായി, അവകാശ ഓഹരിയിലെ പോരായ്മ പരിഹരിക്കാമെന്നും പ്രതിജ്ഞയെടുത്തിരുന്നു.

ജൂണ്‍ മാസത്തോടെ മൊത്തം മൂലധന സമാഹരണ പരിപാടി 1.04 ലക്ഷം കോടി രൂപ പൂര്‍ത്തിയാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി വെങ്കടാചാരി പറഞ്ഞു. ഗുജറാത്തിലെ ജാംനഗറിലെ ഇരട്ട റിഫൈനറികള്‍, പെട്രോകെമിക്കല്‍ ആസ്തികള്‍, വാഹന-വ്യോമയാന ഇന്ധന ചില്ലറ വില്‍പ്പന സംരംഭത്തിലെ 51 ശതമാനം ഓഹരി എന്നിവ ഉള്‍പ്പെടുന്ന ഓയില്‍-ടു-കെമിക്കല്‍ ബിസിനസ്, റിലയന്‍സിന് 75 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്നതാണ്. ഈ സംരംഭത്തില്‍ 20 ശതമാനം ഓഹരി വാങ്ങാന്‍ സൗദി അരാംകോയുമായി ചര്‍ച്ച നടക്കുകയാണെന്നും വിവരം  ലഭിച്ചു.

ഓഗസ്റ്റില്‍ കടരഹിത ലക്ഷ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, 63 കാരനായ അംബാനി 2020 മാര്‍ച്ചോടെ ഓയില്‍-ടു-കെമിക്കല്‍ ബിസിനസില്‍ 20 ശതമാനം ഓഹരി അരാംകോയ്ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പലതും നിലച്ചതും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്തതും ഈ നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

മാര്‍ച്ച് പാദാവസാനത്തോടെ കമ്പനിയുടെ 336,294 കോടി രൂപയുടെ കടത്തില്‍ നിന്നും 175,259 കോടി രൂപ കുറഞ്ഞിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ അറ്റകടം 161,035 കോടി രൂപയാണ്. ഈ കടത്തില്‍ 2,62,000 കോടി രൂപ ആര്‍ഐഎല്‍ സംരംഭങ്ങളുടേയും 23,000 കോടി രൂപ ജിയോയുടേതുമാണ്. ഫെയ്സ്ബുക്കില്‍ നിന്ന് ലഭിച്ച 43,574 കോടിയില്‍ 14,976 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോം നിലനിര്‍ത്തുമെന്നും ബാക്കി 28,598 കോടി രൂപ കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം ഫേസ്ബുക്ക്-ജിയോ പ്ലാറ്റ്‌ഫോം ഇടപാട് ഈ പാദത്തിന്റെ അവസാനത്തോടെ അവസാനിക്കും. ജിയോ പ്ലാറ്റ്ഫോമിലെ ഫെയ്സ്ബുക്കിന്റെ കരാറിന് സമാനമായ രീതിയില്‍ അതേ വലിപ്പമുള്ള പുതിയ തന്ത്രപ്രധാന, സാമ്പത്തിക നിക്ഷേപങ്ങള്‍ ഉണ്ടാകാമെന്നും നിക്ഷേപകരില്‍ നിന്ന് താല്‍പര്യം ലഭിച്ചതായും കമ്പനി അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved