റിലയന്‍സ് ഇന്‍ഡസ്ട്രീസ്: അവകാശ ഓഹരികളുടെ വില്‍പന ഇന്ന് അവസാനിക്കും; 10 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ അവകാശ ഓഹരി വില്‍പന; ജിയോയില്‍ നിക്ഷേപം നടത്താനൊരുങ്ങി മിഡില്‍-ഈസ്റ്റ് കമ്പനികളും

June 03, 2020 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ്: അവകാശ ഓഹരികളുടെ വില്‍പന ഇന്ന് അവസാനിക്കും; 10 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ അവകാശ ഓഹരി വില്‍പന; ജിയോയില്‍ നിക്ഷേപം നടത്താനൊരുങ്ങി മിഡില്‍-ഈസ്റ്റ് കമ്പനികളും

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വില്‍പന ഇന്ന് അവസാനിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരി വില്‍പ്പനയിലൂടെ കമ്പനി സമാഹരിക്കുന്നത്. മുപ്പതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി പുറത്തിറക്കുന്നത്. 2021 മാര്‍ച്ചോടെ കടരഹിത കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അവകാശ ഓഹരി വില്‍പ്പന നടത്തുന്നത്. മെയ് 20-നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്‍പനയ്ക്ക് തുടക്കമിട്ടത്.
 
ഡീലോജിക് നല്‍കുന്ന ഡാറ്റ അനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 53,124 കോടി രൂപയുടെ അവകാശ ഓഹരി വില്‍പന, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു നോണ്‍ ഫിനാന്‍ഷ്യല്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ അവകാശ ഓഹരി വില്‍പനയാണ്. 2018 ജൂണില്‍ നടന്ന ബെയര്‍ എജിയുടെ 7.002 ബില്യണ്‍ ഡോളര്‍ ഇഷ്യു മാത്രമാണ് അടുത്ത കാലത്തായി നടന്ന വലിയ മറ്റൊരു നോണ്‍ ഫിനാന്‍ഷ്യല്‍ അവകാശ ഓഹരി വില്‍പന.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അവകാശ ഓഹരി വില്‍പനയായി അറിയപ്പെടുന്നത് 2009 ഏപ്രിലില്‍ നടന്ന എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ് പിഎല്‍സിയുടെതാണ്. 19.57 ബില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്. 2010 ഒക്ടോബറില്‍ നടന്ന ഡച്ച് ബാങ്കിന്റെ ഓഹരി വില്‍പ്പനയാണ് രണ്ടാമത്തേത്. 13.96 ബില്യണ്‍ ഡോളറാണ് ഡച്ച് ബാങ്ക് സമാഹരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പന ബാങ്ക് ഓഫ് ചൈനയുടേതാണ്. 2010 ഡിസംബറില്‍ നടന്ന ഓഹരി വില്‍പ്പനയില്‍ 8.96 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.

ഏപ്രില്‍ 30-നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി അവകാശ ഓഹരി വില്‍പനയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നതായി പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി എന്ന നിരക്കിലാണ് വിതരണം ചെയ്യുക. മുഖവില 10 രൂപ വീതമുള്ള 42,26,26,894 ഇക്വിറ്റി ഷെയറുകളാണ് വില്‍ക്കുന്നത്. 1,257 രൂപ നിരക്കില്‍ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയന്‍സിന്റെ 15 ഓഹരികളുള്ളവര്‍ക്ക് ഒരു ഓഹരി വീതം ലഭിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 2.4 കോടി ഓഹരികളുടെ കൈമാറ്റമാണ് നടക്കുന്നത്. ഉടമകള്‍ക്ക് അവരുടെ ഓഹരി അവകാശം എക്‌സ്‌ചേഞ്ചുകളില്‍ പ്രത്യേക വിന്‍ഡോയില്‍ ട്രേഡ് ചെയ്യാന്‍ അനുവദിക്കും. അവിടെ ഉടമകള്‍ക്ക് അവരുടെ അവകാശം വില്‍ക്കാനും ഉപേക്ഷിക്കാനും കഴിയും. 2021 മാര്‍ച്ചിനു മുമ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ലാത്ത കമ്പനിയാകുമെന്ന് 2019-ല്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ആര്‍ഐഎല്ലിന്റെ അറ്റകടം 1.53 ട്രില്യണ്‍ രൂപയാണ്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മൂന്ന് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപം നടത്താനുള്ള വിപുലമായ ചര്‍ച്ചകളിലാണെന്ന് റിപ്പോര്‍ട്ട്. ജിയോയില്‍ അടുത്തിടെ നിക്ഷേപം നടത്തിയ വന്‍കിട കമ്പനികളുടെ പട്ടികയിലേയ്ക്ക് മിഡില്‍ ഈസ്റ്റ് കമ്പനികളും കൂടിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലേക്ക് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള കരാര്‍ സംബന്ധിച്ച് ചര്‍ച്ചയിലാണ് അബുദാബിയിലെ മുബഡാല ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്നാണ് വിവരം. കരാര്‍ സംബന്ധിച്ച് ഈ ആഴ്ചയില്‍ തന്നെ പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് വിവരം. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഏതൊരു പുതിയ നിക്ഷേപവും ജിയോ പ്ലാറ്റ്ഫോംസ് കഴിഞ്ഞ ആഴ്ചകളില്‍ സമാഹരിച്ച 10 ബില്യണ്‍ ഡോളറിലേക്ക് കൂട്ടിച്ചേര്‍ക്കും. ജിയോയുടെ ഇന്ത്യയിലെ വന്‍ ഉപഭോക്തൃ വിപണിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും ചില്ലറ വില്‍പ്പന മുതല്‍ വിദ്യാഭ്യാസം, പേയ്മെന്റുകള്‍ വരെ സാങ്കേതികവിദ്യ ഉപയോഗിച്ച് കീഴടക്കാനുള്ള കഴിവും ജിയോയ്ക്ക് ഉണ്ട് എന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍ മുതല്‍ കെകെആര്‍ വരെയുള്ള വമ്പന്‍ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്താന്‍ കാരണം.

ടെക്‌നോളജി ഭീമന്മാരും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളും നടത്തുന്ന നിക്ഷേപത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയാണ് അംബാനിയുടെ പ്രഖ്യാപിത ലക്ഷ്യം. ചര്‍ച്ചകള്‍ ഇനിയും വൈകുകയോ തകര്‍ക്കുകയോ ചെയ്യാമെന്ന് ജനങ്ങള്‍ പറഞ്ഞു. എഡിഐഎയുടെ നിക്ഷേപം നടത്താനുള്ള താല്‍പ്പര്യം മുമ്പ് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ എഡിഐഎ, മുഡബാല, പിഐഎഫ്, റിലയന്‍സ് എന്നിവയുടെ പ്രതിനിധികള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Related Articles

© 2024 Financial Views. All Rights Reserved