സ്വയംതൊഴിലിനും ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പത്ത് ലക്ഷം രൂപാ വായ്പ നല്‍കും; മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് വായ്പ ആര്‍ക്കൊക്കെ?

February 21, 2020 |
|
Columns

                  സ്വയംതൊഴിലിനും ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പത്ത് ലക്ഷം രൂപാ വായ്പ നല്‍കും; മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് വായ്പ ആര്‍ക്കൊക്കെ?

പുതുസംരംഭകര്‍ക്ക് ഗുണംചെയ്യുന്ന 2007 മുതല്‍ നല്‍കിവരുന്ന സ്വയംതൊഴില്‍ വായ്പയാണ് 'മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്'. സംഘ സംരംഭങ്ങള്‍ തുടങ്ങാനാണ് ഈ പദ്ധതിയില്‍ പ്രോത്സാഹനം.

വായ്പ എന്തിനൊക്കെ?

വ്യവസായം, കച്ചവടം, സേവനം എന്നീ മേഖലകളിലെ ഏതു സ്വയംതൊഴില്‍ സംരംഭത്തിനും ഈ പദ്ധതിയില്‍ വായ്പ ലഭിക്കും. ബേക്കറി യൂണിറ്റുകള്‍, അച്ചാര്‍ നിര്‍മാണം, ധാന്യപ്പൊടികള്‍, ചിപ്‌സ്, പഴം സംസ്‌കരണം, ചക്കവിഭവങ്ങള്‍, കാരിബാഗുകള്‍, റെഡിമെയ്ഡ് വസ്ത്രനിര്‍മാണം, മിഠായികള്‍, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവിധ യൂണിറ്റുകള്‍, റിപ്പയറിങ് സര്‍വീസ് കേന്ദ്രങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ലോണ്‍ട്രി സര്‍വീസ്, ഡേ കെയര്‍, നഴ്‌സറി തുടങ്ങിയ സേവന സ്ഥാപനങ്ങള്‍, സ്റ്റേഷനറി, ബേക്കറി ഷോപ്പ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ മേഖലകള്‍ എന്നിവയിലെല്ലാം സ്വയംതൊഴിലിനു ജോബ് ക്ലബ് വഴി വായ്പ ലഭിക്കും.ഈ പദ്ധതിയില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതില്‍ കൂടുതല്‍ ചെലവു വരുന്ന പദ്ധതികള്‍ക്കും അപേക്ഷിക്കാം. 10% തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തണം.

യോഗ്യത

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ വേണം

പ്രായം 21-40. പിന്നാക്കസമുദായക്കാര്‍ക്കു 3 വര്‍ഷവും പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഇളവ് ലഭിക്കും.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്.രണ്ടു പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അപേക്ഷകളാണു പരിഗണിക്കുക. ഇവര്‍ വ്യത്യസ്ത റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്നവരാകണം. ബിരുദധാരികളായ വനിതകള്‍, പ്രഫഷനല്‍-സാങ്കേതിക യോഗ്യത നേടിയവര്‍, തൊഴില്‍രഹിത വേതനം വാങ്ങുന്നവര്‍, ഐടിഐ-പോളിടെക്‌നിക് യോഗ്യതയുള്ളവര്‍, പ്രത്യേക പരിശീലനം സിദ്ധിച്ച പരമ്പരാഗത തൊഴിലാളികള്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കും.

സംരംഭകര്‍ ഏതെങ്കിലും സംരംഭകത്വ വികസന പരിശീലന പരിപാടിയില്‍ പങ്കെടുത്തിരിക്കണം. ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നു തൊഴില്‍രഹിത വേതനം ലഭിക്കില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കു പരിഗണിക്കുകയുമില്ല.

അപേക്ഷ നല്‍കേണ്ട വിധം

ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിലോ (സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫിസര്‍) അപേക്ഷ നല്‍കാം. നിശ്ചിത ഫോമിലെ അപേക്ഷയോടൊപ്പമുള്ള ഫോര്‍മാറ്റില്‍ പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ്, സ്ഥിരം ആവശ്യങ്ങളുടെ ക്വട്ടേഷന്‍ എന്നിവയുടെ പകര്‍പ്പും വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കണ്‍വീനറുമായ സമിതിയാണ് അപേക്ഷകരെ ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കുക. പാസാക്കുന്ന അപേക്ഷകള്‍ ദേശസാല്‍കൃത ബാങ്കുകള്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, റീജനല്‍ റൂറല്‍ ബാങ്കുകള്‍, സിഡ്ബി എന്നിവയുടെ ശാഖകളിലേക്ക് അയയ്ക്കും. വായ്പ അനുവദിച്ച് വിതരണം ചെയ്യുന്നതു ധനകാര്യ സ്ഥാപനങ്ങളാണ്. വായ്പ അനുവദിച്ച ഉത്തരവു ലഭിച്ചാല്‍ 15 ദിവസത്തിനകം സബ്‌സിഡിത്തുക സംരംഭകനു വരവു വയ്ക്കണമെന്നാണു വ്യവസ്ഥ.ഫോമിനും വിവരങ്ങള്‍ക്കും സമീപത്തെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലാ ഓഫിസിലെ സ്വയംതൊഴില്‍ വിഭാഗത്തിലോ ബന്ധപ്പെടാം. www.employmentkerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും അപേക്ഷാഫോമും വിവരങ്ങളും ലഭിക്കും.

 

Related Articles

© 2024 Financial Views. All Rights Reserved