വാഹന രജിസ്‌ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവ്; നികുതി വര്‍ധനയും ഒഴിവാക്കി

March 25, 2020 |
|
News

                  വാഹന രജിസ്‌ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവ്; നികുതി വര്‍ധനയും ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസുകളിലേക്ക് ജനങ്ങളുടെ പ്രവേശനം പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. നേരിട്ടുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ത്തില്‍ വാഹന രജിസ്‌ട്രേഷന്‍ വ്യവസ്ഥകളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ ഏപ്രിലിലും രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ മുതല്‍ നികുതി നിരക്കുകള്‍ ഉയരുന്നുണ്ട്. എന്നാല്‍, നിയന്ത്രണം കാരണം രജിസ്‌ട്രേഷന്‍ നടത്താന്‍ വൈകിയ വാഹനങ്ങള്‍ക്ക് ഈ നികുതി വര്‍ധന ബാധകമാക്കില്ല. ഇക്കാലയളവിലുണ്ടാകുന്ന പിഴകളും പെനാല്‍റ്റികളും കുറച്ചുനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഓഫീസ് മേധാവിയും പരിമിതമായ ജീവനക്കാരും മാത്രമേ ഓഫീസിലുണ്ടാകൂ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് സ്വന്തം കംപ്യൂട്ടറിലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കാനും അനുമതി നല്‍കി. അതേസമയം ചെക്കുപോസ്റ്റുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. എന്നാല്‍ ചെക്കുപോസ്റ്റുകളിലെ പരിശോധന കൊറോണ പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഗതാഗത ക്രമീകരണങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തും. ചെക്കുപോസ്റ്റുകളില്‍ ജോലിചെയ്യാന്‍ സമീപപ്രദേശങ്ങളിലെ ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved