470 ദശലക്ഷം പേര്‍ക്ക് 'മാന്യമായ' തൊഴിലില്ല, 267 ദശലക്ഷം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതര്‍;ലോകജനത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍!

January 22, 2020 |
|
News

                  470 ദശലക്ഷം പേര്‍ക്ക് 'മാന്യമായ' തൊഴിലില്ല, 267 ദശലക്ഷം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതര്‍;ലോകജനത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍!

ജനീവ: ലോകമൊട്ടാകെ 470 ദശലക്ഷം ആളുകള്‍ക്ക് മാന്യമായ തൊഴില്‍ ഇല്ലെന്ന് വെളിപ്പെടുത്തി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷമായി ആഗോള തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 5.4 % ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്.  188 ദശലക്ഷം പേരില്‍ നിന്ന് 190.5 ദശലക്ഷമായി തൊഴില്‍രഹിതരുടെ എണ്ണം മാറിയിട്ടുണ്ട്്. ലോകമാകമാനമുള്ള തൊഴില്‍,സാമൂഹ്യ കാഴ്ചപ്പാട് അടിസ്ഥാനമാക്കിയാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 285 ദശലക്ഷം പേര്‍ക്ക് മാന്യമായ തൊഴിലില്ല. അതായത് ഇത്രയും അധികം പേര്‍ ആവശ്യമായതിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് ചുരുക്കം.ഈ വിഭാഗം ഇപ്പോഴും മികച്ച ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

തൊഴില്‍ ചെയ്യുന്നത് കൊണ്ട് ജീവിതം മെച്ചപ്പെടുത്താനുള്ള ശേഷിയില്ലാത്തവരായി ഇവര്‍ മാറിയിട്ടുണ്ട്. ആഗോള തൊഴില്‍ ശക്തിയുടെ 13% വരും ഇതെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലിലൂടെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐഎല്‍ഓ മേധാവി റൈഡര്‍ ജനീവയില്‍ വെച്ച് പറഞ്ഞു. സമൂഹത്തില്‍ മാന്യമായ തൊഴില്‍ നേടാനാകത്ത സാഹചര്യം അരക്ഷിതാവസ്ഥയ്ക്ക് കാരണമായേക്കും. ലബനനിലും ചിലിയിലും ദൃശ്യമായത് പോലെയുള്ള തെരുവ് പ്രതിഷേധങ്ങളിലേക്ക് ഇത്തരം അരക്ഷിതാവസ്ഥയും പ്രതിഷേധവും എത്തിക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. അടിസ്ഥാനപരമായ സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതെയാണ് ആഗോള തൊഴില്‍ശക്തിയുടെ അറുപത് ശതമാനം പേരും ജോലി ചെയ്യുന്നത്. 2019ല്‍ ആഗോള തൊഴില്‍ ജനസംഖ്യയില്‍ അഞ്ചിലൊന്ന് വരുന്ന 630 ദശലക്ഷം പേര്‍ ദാരിദ്ര്യത്തിലാണ് കഴിഞ്ഞുപോകുന്നത്. പ്രായം,ലിംഗം,ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ എന്നിവ തൊഴിലില്‍ അസമത്വം സൃഷ്ടിക്കുമെന്നും കണ്ടെത്തലുണ്ട്. 

15നും 24നും ഇടയില്‍ പ്രായമുള്ള 267 ദശലക്ഷം യുവജനത തൊഴില്‍ പട്ടികയില്‍ ഇതുവരെ പെട്ടിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍്ട്ട് പങ്കുവെക്കുന്നു.ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും ജനസംഖ്യാ അനുപാതത്തില്‍ തൊഴില്‍ വര്‍ധനവ് സംഭവിക്കാത്തതുമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. ആഗോള തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുമ്പോള്‍ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് പോകുന്നത് ജനതയുടെ പ്രതീക്ഷകളെ തകര്‍ക്കുകയാണ്. വരുംനാളുകള്‍ വമ്പിച്ച പ്രക്ഷോഭങ്ങളായിരിക്കും ഓരോ രാജ്യത്തിനും തെരുവുകളില്‍ നേരിടേണ്ടി വരിക. യുവജനങ്ങളുടെ നല്ല ഭാവി ഉറപ്പാക്കാന്‍ സാധിക്കുംവിധമുള്ള സാമ്പത്തിക നയങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമുണ്ടായിട്ട് പോലും ജോലിയില്ലാതെ തെണ്ടിത്തിരിയേണ്ടി വരുന്ന വലിയൊരു യുവതലമുറയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved