എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

August 24, 2020 |
|
News

                  എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ ബഹിഷ്‌കരിച്ചത് പോലെ എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. പേര് വ്യക്തമാക്കാത്ത സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ചുള്ള ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടിലാണ് എല്ലാ ചൈനീസ് കമ്പനികളേയും ബഹിഷ്‌കരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ചില ചൈനീസ് കമ്പനികള്‍ക്ക് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായി ബന്ധമുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ചില ചൈനീസ് കമ്പനികള്‍ക്ക് രാജ്യത്ത് കാതലായ രീതിയില്‍ നിക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ചൈനീസ് ബഹിഷ്‌കരണ ട്രെന്‍ഡ് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനാവില്ല. ഈ കമ്പനികളില്‍ ചിലതിന് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നും ദി ഹിന്ദുവിലെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം.എന്നാല്‍ നിരോധിക്കാന്‍ സാധിക്കില്ല. ജൂണ്‍ 29 ന് 59 ചൈനീസ് ആപ്പുകളും പിന്നാലെ 47 ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു.

2017 ജൂണില്‍ ചൈനയില്‍ രൂപീകരിച്ച നിയമം അനുസരിച്ച് വിദേശ നിക്ഷേപമുള്ള കമ്പനികള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ചൈനയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് സഹായം നല്‍കേണ്ടതായാണ് വ്യക്തമാക്കുന്നത്. ഈ നിയമം വിദേശ നിക്ഷേപം നടത്തുന്ന എല്ലാ ചൈനീസ് കമ്പനികള്‍ക്കും ബാധകമാണ്. സിന്ത്യ സ്റ്റീല്‍സ് ലിമിറ്റഡ്, ചൈന ഇലക്ട്രണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന്‍, വാവേയ്, ആലിബാബ, ടെന്‍സെന്റ് എന്നീ കമ്പനികള്‍ക്കും പീപ്പിള്‍ ലിബറേഷന്‍ ആര്‍മ്മിയുമായി ബന്ധമുള്ളതായാണ് ഇന്റലിജന്‍സ് വിശദമാക്കുന്നത്. ഇന്ത്യയും ചൈനയുമായി വലിയ രീതിയിലുള്ള സംയുക്ത സംരംഭത്തിലെ ഭാഗമാണ് സിന്ത്യ സ്റ്റീല്‍സ്. കര്‍ണാടകയിലെ കൊപ്പൊലിലെ 250 കോടിയുടെ ഇരുമ്പ് അയിര് സംസ്‌കരണ ശാലയില്‍ സിന്ത്യക്ക് വലിയ രീതിയില്‍ നിക്ഷേപമുണ്ട്.

ചൈന ഇലക്ട്രണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പ്പറേഷന് ആന്ധ്രാ പ്രദേശില്‍ 46 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഇലക്ട്രോണിക്‌സ്, സിസിടിവി ക്യാമറ നിര്‍മ്മാണ രംഗത്താണ് ഈ കമ്പനിയുടെ നിക്ഷേപം. അമേരിക്കയില്‍ ഈ കമ്പിനിക്കെതിരെ അനധികൃത കയറ്റുമതിക്കും നിരവധി ജീവനക്കാരെ ചാരവൃത്തിക്കും പിടികൂടിയിട്ടുള്ളതാണ്. യുഎസ് ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ 209ലെ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ വലിയ രീതിയില്‍ നിക്ഷേപമുള്ള നിരവധി ചൈനീസ് കമ്പനികള്‍ സംശയത്തിന്റെ നിഴലിലാണുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved