എയര്‍ ഇന്ത്യ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍

March 15, 2019 |
|
News

                  എയര്‍ ഇന്ത്യ ചില അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍

യു.കെ.യിലെ ബര്‍മിങ്ങാമില്‍നിന്നും സ്പെയിനിലെ മാഡ്രിഡില്‍നിന്നും ഡല്‍ഹിക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നാളെമുതല്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അ്ക്കൗണ്ടിലൂടെയാണ് ഈ വിവരം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ റൂട്ടില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് റീഫണ്ട് ആവശ്യപ്പെടാമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ഫെബ്രുവരി 26-ന് വ്യോമസേന പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ അവരുടെ വ്യോമപരിധി അടച്ചിരിക്കുകയാണ്. ഇതുമൂലം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധി ഒഴിവാക്കി കറങ്ങിവേണം പോകാന്‍.. ഇത് വലിയതോതിലുള്ള ചെലവ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് ലാഭകരമല്ലാത്ത സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.

ആറ് സര്‍വീസുകളാണ് ബര്‍മിങ്ങാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കും തിരിച്ചുമായി എയര്‍ ഇന്ത്യ നടത്തിയിരുന്നത്. എഐ113 ഡല്‍ഹി-ബര്‍മിങ്ങാം, എഐ114 ബര്‍മിങ്ങാം-ഡല്‍ഹി, എഐ117-ഡല്‍ഹി ബര്‍മ്മിങ്ങാം, എഐ118 ബര്‍മിങ്ങാം-അമൃത്സര്‍-ഡല്‍ഹി എന്നീ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. എഐ135 ഡല്‍ഹി-മാഡ്രിഡ് വിമാനവും എഐ136 മാഡ്രിഡ്-ഡല്‍ഹി വിമാനവും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കല്‍ തുടരുമെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ തീരുമാനം നിരാശാജനകമാണെന്ന് ബര്‍മ്മിങ്ങാം വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെടാനും ബര്‍മ്മിങ്ങാം എയര്‍പോര്‍ട്ട് അഥോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അംഗീകൃത ട്രാവല്‍ ഏജന്റ് മുഖേനയോ പോര്‍ട്ടല്‍ മുഖേനയോ ബുക്ക് ചെയ്തവര്‍ക്ക് അവരെ സമീപിക്കാം. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്തവര്‍ ലരീാാലൃരല@മശൃശിറശമ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.

വിമാനങ്ങള്‍ റദാക്കുമ്പോള്‍ റീഫണ്ടിനുള്ള അര്‍ഹത വിമാനം റദ്ദാക്കുന്നതിനുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാണ്. അസ്വാഭാവികമായ കാരണങ്ങളാലാണ് വിമാനം റദ്ദാക്കുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ല. വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാണ് ഈ ഗണത്തില്‍വരിക. സുരക്ഷാ ഭീഷണി, രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയൊക്കെ അക്കൂട്ടത്തില്‍ വരും. എന്നാല്‍, ഇവിടെ, വിമാനക്കമ്പനി നേരിട്ട് യാത്ര റദ്ദാക്കിയതിനാല്‍, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

 

 

 

 

Related Articles

© 2019 Financial Views. All Rights Reserved