കരാര്‍ തൊഴിലാളികള്‍ക്കും പിഎഫ് ആനുകൂല്യത്തിന് അര്‍ഹത: സുപ്രിംകോടതി

January 23, 2020 |
|
News

                  കരാര്‍ തൊഴിലാളികള്‍ക്കും  പിഎഫ് ആനുകൂല്യത്തിന് അര്‍ഹത: സുപ്രിംകോടതി

ദില്ലി: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരും ഇനി പിഎഫ് ആനുകൂല്യത്തിന് അര്‍ഹരാകും. കമ്പനിയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളമോ വേതനമോ കൈപ്പറ്റുന്ന കരാര്‍ തൊഴിലാളികള്‍ക്കും പ്രൊവിഡന്റ് ഫണ്ട് അര്‍ഹതയുണ്ടെന്നാണ് സുപ്രിംകോടതി വിധിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനും ഒഎന്‍ജിസിക്കും ഓഹരി പങ്കാളിത്തമുള്ള പവന്‍ഹാന്‍സ് ലിമിറ്റഡ് കമ്പനിയിലെ ട്രേഡ്യൂണിയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിലാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് ഈ വിധി ഗുണം ചെയ്യും. പുതിയ ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതുവഴി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, റെയില്‍വേ, എല്‍ഐസി, എയര്‍പോര്‍ട്ട് അതോറിറ്റി, മെട്രോ, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പ്രാദേശിക സെമി ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്ക് അനുസൃതമായി പിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കും.

സ്വകാര്യ കമ്പനികള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-ഉപ-സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ജോലിക്കായി കരാറുകാരെ നിയമിക്കാറുണ്ട്. അത്തരം കരാറുകാരെ നിയമിക്കുന്ന കമ്പനി ഉടമകള്‍ക്ക് ജീവനക്കാരുടെ പിഎഫ് തുക ഇപിഎഫ്ഒ ഓഫീസിലേക്ക് നിക്ഷേപിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ 'പി.എഫ്' പതിവായി ശേഖരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളും ശ്രദ്ധിക്കണമെന്നും വിധിയില്‍ പറയുന്നു.

Related Articles

© 2024 Financial Views. All Rights Reserved