ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്ന പുതിയ സംവിധാനം എത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

August 13, 2020 |
|
News

                  ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്ന പുതിയ സംവിധാനം എത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  'സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഫേസ്ലെസ് ഇ-അസസ്മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫേസ്ലെസ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25-ഓടെ നിലവില്‍വരും. നികുതിദായകരുമായി അനഭിമതമായ ഇപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍നിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടല്‍ കൂടുതല്‍ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പു കല്‍പ്പിക്കാനും പുതിയ സംവിധാനം കൊണ്ടു കഴിയും.

നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍ വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ആദായനികുതി കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 'വിവാദ് സെ വിശ്വാസ്' പദ്ധതി നടപ്പാക്കിയിരുന്നു. മന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved