പോളിസിബസാര്‍ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; ലക്ഷ്യം 3.5 ബില്യണ്‍ ഡോളര്‍ മൂല്യം

July 21, 2020 |
|
News

                  പോളിസിബസാര്‍ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു; ലക്ഷ്യം 3.5 ബില്യണ്‍ ഡോളര്‍ മൂല്യം

സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോം പോളിസിബസാര്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ അടുത്ത വര്‍ഷം മൂലധന സമാഹരണം നടത്താനുള്ള തയ്യാറെടുപ്പാരംഭിച്ചു. ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ മൂല്യം രേഖപ്പെടുത്തിയാകും പോളിസിബസാര്‍ ഐപിഒ നടത്തുന്നതെന്ന് സഹസ്ഥാപകന്‍ യാഷിഷ് ദാഹിയ പറഞ്ഞു.

രാജ്യത്തെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തില്‍ പങ്കാളിത്തം വഹിച്ച ഇന്ത്യന്‍ മെഗാ സ്റ്റാര്‍ട്ടപ്പുകളുടെ ഗണത്തില്‍ നിന്നുള്ള ആദ്യത്തെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ആയിരിക്കും പോളിസിബസാറിന്റേത്. 2021 സെപ്റ്റംബറിന് മുമ്പായി 2 ബില്യണ്‍ ഡോളറിലധികം മൂല്യനിര്‍ണ്ണയത്തില്‍ 250 മില്യണ്‍ ഡോളര്‍ ധനസഹായം നേടാന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്നും യാഷിഷ് ദാഹിയ പറഞ്ഞു. ആഗോള താല്‍പ്പര്യമുള്ള ഐപിഒയുടെ വലുപ്പം ഏകദേശം 500 മില്യണ്‍ ഡോളറായിരിക്കും.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ വിഷന്‍ ഫണ്ട്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ടെന്‍സെന്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്നിവയുടെ പിന്തുണയുണ്ട് പോളിസിബസാറിന്. സഹ യൂണികോണുകളായ ഓല, ഫ്ളിപ്കാര്‍ട്ട്, പേടിഎം എന്നിവ പോലെ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഉപയോഗത്തിന്റെയും  മികച്ച മുന്നേറ്റം പ്രയോജനപ്പെടുത്തിയാണ് ഈ ഫിന്‍ടെക് സ്ഥാപനം വളര്‍ന്നത്. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇന്‍ഷുറര്‍ ലെമനേഡ് ഇന്‍കോര്‍പ്പറേറ്റിന് കഴിഞ്ഞ മാസം യു.എസില്‍ കൈവരിക്കാന്‍ കഴിഞ്ഞ അതിശയകരമായ പബ്ലിക് ഓഫറിംഗ് വിജയം  പോളിസിബസാറിനും ആവേശം പകരുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved