ജിയോയില്‍ വീണ്ടും വന്‍ നിക്ഷേപം; 5,655 കോടി രൂപ നിക്ഷേപിച്ച് സില്‍വര്‍ ലേക്ക്

May 04, 2020 |
|
News

                  ജിയോയില്‍ വീണ്ടും വന്‍ നിക്ഷേപം; 5,655 കോടി രൂപ നിക്ഷേപിച്ച് സില്‍വര്‍ ലേക്ക്

മുംബൈ: ഫേസ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ജിയോയില്‍ 1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.

അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ പ്ലാറ്റ്‌ഫോമുകള്‍. 388 ദശലക്ഷത്തിലധികം വരിക്കാര്‍ക്ക് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം നല്‍കുന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോം, ജിയോ പ്ലാറ്റ്ഫോമുകളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി തുടരും. ജിയോ പ്ലാറ്റ്ഫോമിലെ 9.9 ശതമാനം ഓഹരി 43,574 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് യുഎസ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഭീമനായ ഫെയ്സ്ബുക്ക് ഏപ്രിലില്‍ അറിയിച്ചിരുന്നു.

സാങ്കേതികവിദ്യയിലും ധനകാര്യത്തിലും ഏറ്റവും ആദരണീയമായ ശബ്ദങ്ങളില്‍ ഒന്നാണ് സില്‍വര്‍ ലേക്ക്. ഇന്ത്യന്‍ ഡിജിറ്റല്‍ സൊസൈറ്റിയുടെ പരിവര്‍ത്തനത്തിനായി അവരുടെ ആഗോള സാങ്കേതിക ബന്ധങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രസ്താവനയില്‍ പറഞ്ഞു.

ജിയോ പ്ലാറ്റ്‌ഫോമുകള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ശക്തി ബഹുജന ഉപഭോക്താക്കളിലേക്കും ചെറുകിട ബിസിനസ്സ് ജനസംഖ്യയിലേക്കും എത്തിക്കുന്നതിന് അസാധാരണമായ പങ്കുവഹിച്ചു. അവര്‍ സ്വാധീനം ചെലുത്തുന്ന വിപണി സാധ്യതകള്‍ വളരെ വലുതാണ് എന്നും സില്‍വര്‍ ലേക്ക് കോ-സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ എഗോണ്‍ ഡര്‍ബന്‍ പറഞ്ഞു.

ആഗോളതലത്തിലും പ്രത്യേകിച്ചും ഇന്ത്യയ്ക്കുള്ളിലും കോവിഡ് -19 മൂലമുണ്ടായ കടുത്ത സാമ്പത്തിക തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍, ആഗോളതലത്തില്‍ ഏറ്റവും പ്രശസ്തരായ സാങ്കേതിക നിക്ഷേപകരിലൊരാളായ സില്‍വര്‍ ലേക്കുമായുള്ള ഈ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന്റെ സമഗ്ര ഘടകമാണ് സമഗ്ര ഡിജിറ്റൈസേഷന്‍ എന്നും ജിയോ പ്ലാറ്റ്‌ഫോമുകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, സ്മാര്‍ട്ട് ഉപകരണങ്ങള്‍, ക്ലൗഡ്-എഡ്ജ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് , ആഗ്മെന്റഡ് ആന്‍ഡ് മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ നൂതന സംരംഭങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ലക്ഷ്യമുണ്ടെന്നും ഇത് കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലേക്കിന്റെ ഏകദേശം 40 ബില്യണ്‍ ഡോളര്‍ സംയോജിത ആസ്തികള്‍ മാനേജുമെന്റിന് കീഴിലാണ്. സില്‍വര്‍ ലേക്കിന്റെ മറ്റ് നിക്ഷേപങ്ങളില്‍ എയര്‍ബണ്‍ബി, അലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍, ആല്‍ഫബെറ്റിന്റെ വെര്‍ലി ആന്‍ഡ് വേമോ യൂണിറ്റുകള്‍, ഡെല്‍ ടെക്‌നോളജീസ്, ട്വിറ്റര്‍, കൂടാതെ നിരവധി ആഗോള സാങ്കേതിക കമ്പനികളും ഉള്‍പ്പെടുന്നു. ഫേസ്ബുക്കിന് 10 ശതമാനം ഓഹരി വിറ്റ ശേഷം, കടം കുറയ്ക്കുന്നതിന് സമാനമായ വലിപ്പത്തിലുള്ള കരാറിനായി മറ്റ് തന്ത്രപ്രധാന, സാമ്പത്തിക നിക്ഷേപകരുമായി ചര്‍ച്ച നടത്തുകയാണെന്ന് റിലയന്‍സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

കടരഹിത ലക്ഷ്യം

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ടെലികോം സ്ഥാപനമായ റിലയന്‍സ് ജിയോക്ക് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 177.5 ശതമാനം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലത്ത് ലഭിച്ച 840 കോടിയെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ധനവാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. 2,331 കോടിയായാണ് ലാഭത്തില്‍ വര്‍ധന ഉണ്ടായത്.

ജിയോയുടെ 2018-19ലെ മൊത്ത ലാഭം 2,964 കോടിയായിരുന്നു. 2019-20 ല്‍ ഇത് 5,562 കോടിയായി ഉയര്‍ന്നു. 88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 38.75 കോടി ഉപഭോക്താക്കളുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.3 ശതമാനത്തിന്റെ വര്‍ധന.

കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്ന് 128.4 രൂപയാണ് ജിയോയ്ക്ക് ലാഭം ലഭിച്ചിരുന്നത്. ഇത്തവണ അത് 130.6 രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ലാഭം ലഭിച്ചതിന് പിന്നാലെ കമ്പനി ജിയോമീറ്റ് എന്ന പുതിയ വീഡിയോ പ്ലാറ്റ്ഫോം ദേശീയ തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് 43,574 കോടി നിക്ഷേപിച്ചതിനെ കുറിച്ചും ജിയോ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ 14,976 കോടി ജിയോ പ്ലാറ്റ്ഫോമുകളുടെ ഭാവി വളര്‍ച്ചയ്ക്കായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ റിലയന്‍സിനെ കടരഹിതമാക്കാനുള്ള ലക്ഷ്യത്തിനോട് അടുത്തിരിക്കുകയാണ്. പ്രധാന ബിസിനസുകളില്‍ തന്ത്രപരമായി നിക്ഷേപകരെ കൊണ്ടുവരുന്നതിലൂടെയും കൂടുതല്‍ ഓഹരി നല്‍കുന്നതിലൂടെയും മുകേഷ് അംബാനി തന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 1.61 ലക്ഷം കോടി രൂപയുടെ അറ്റകടം തുടച്ചുനീക്കുന്നതിനുള്ള ശ്രമം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി 2021 മാര്‍ച്ചില്‍ ഓയില്‍ മുതല്‍ ടെലികോം വരെയുള്ള സംരംഭങ്ങളെ കടരഹിതമാക്കാനായി ലക്ഷ്യം വച്ചിരുന്നു. 5.7 ബില്യണ്‍ യുഎസ് ഡോളറിന്റെ (43,547 കോടി രൂപ) ഫേസ്ബുക്കുമായുള്ള കരാര്‍, 53,125 കോടി രൂപയുടെ അവകാശ ഇഷ്യു, സൗദി അരാംകോ പോലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ ഓഹരി വില്‍പ്പന എന്നിവയിലൂടെ ഡിസംബറോടെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved