റെയില്‍വേയിലും സ്വകാര്യവല്‍ക്കരണം; 109 റൂട്ടുകളില്‍ വൈകാതെ സ്വകാര്യ ട്രെയിനുകള്‍; പ്രാരംഭ നടപടികള്‍ ആരംഭിച്ചു

July 02, 2020 |
|
News

                  റെയില്‍വേയിലും സ്വകാര്യവല്‍ക്കരണം; 109 റൂട്ടുകളില്‍ വൈകാതെ സ്വകാര്യ ട്രെയിനുകള്‍; പ്രാരംഭ നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: റെയില്‍വേയുടെ മൊത്തം കുത്തക അവകാശം നീക്കി സ്വകാര്യവത്ക്കരിക്കനുള്ള ആദ്യപടി സ്വീകരിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ 109 ഒറിജിന്‍ ഡെസ്റ്റിനേഷന്‍ (ഒഡി) ജോഡി റൂട്ടുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിന് സ്വകാര്യ വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 151 പുതിയ ട്രെയിനുകളുടെ സര്‍വ്വീസ് നടത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 150 സ്വകാര്യ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ 100 ഓളം റൂട്ടുകള്‍ റെയില്‍വേ തിരഞ്ഞെടുത്തിരുന്നു.

30,000 കോടി രൂപ സ്വകാര്യമേഖലയില്‍ നിക്ഷേപം നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം എന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിന്റെ ആദ്യ സംരംഭമാണിത്. ഓപ്പറേറ്റിങ് പാസഞ്ചര്‍ ട്രെയിനുകളില്‍ സ്വകാര്യ പങ്കാളിത്തം തേടാമെന്ന പ്രഖ്യാപനം റെയില്‍വേ ശൃംഖലയെ ഫലപ്രദമായി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.

തിരക്കേറിയ സമയ സ്ലോട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് റെയില്‍വേ ക്രമീകരണങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. റെയില്‍വേ ഒരു റെയില്‍ വികസന അതോറിറ്റിയായി മാറുമെന്നതിന്റെ സൂചനകളാണിതെന്ന് ഒരു ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഭൂരിഭാഗം ട്രെയിനുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും ട്രെയിനുകളുടെ ധനസഹായം, സംഭരണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും റെയില്‍വേയിലെ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അറ്റകുറ്റപ്പണി കുറച്ചുകൊണ്ട് ട്രാന്‍സിറ്റ് സമയം കുറയ്ക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നല്‍കുക, യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാ അനുഭവം നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു.

ഓരോ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്നും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ട്രെയിന്‍ എടുക്കുന്ന സമയം അതാത് റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിനിനോട് താരതമ്യപ്പെടുത്താവുന്ന വേഗതയുള്ളതായിരിക്കും ഈ ട്രെയിനുകളുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് ഇന്ത്യന്‍ റെയില്‍വേയുടെ ശേഷി വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ ട്രെയിനുകളുടെ ആവശ്യകതയിലേക്ക് നയിക്കുമെന്ന് പറഞ്ഞിരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് സ്വകാര്യ ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ആശയം സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് 150 ട്രെയിനുകള്‍ക്കായി ബിഡ്ഡുകള്‍ ക്ഷണിച്ചത്. സ്വകാര്യ ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ വിജയത്തെ ആശ്രയിച്ച്, എണ്ണം വിപുലീകരിക്കാന്‍ കഴിയും. എന്നിരുന്നാലും, നിലവിലുള്ള ട്രെയിനുകള്‍ റെയില്‍വേയ്ക്കൊപ്പം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved