സ്വകാര്യ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് തീരുമാനിക്കാം

July 07, 2020 |
|
News

                  സ്വകാര്യ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് തീരുമാനിക്കാം

രാജ്യത്ത് അനുവദിച്ച സ്വകാര്യ ട്രെയിന്‍ കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ റെയില്‍വേ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഈ കമ്പനികള്‍ക്ക് നിലവിലുള്ള ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉണ്ടായിരിക്കും. എന്നാല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നിശ്ചയിക്കും. നിരക്കുകള്‍ മത്സരാധിഷ്ഠിതമായിരിക്കും. അതായത് വിമാന ടിക്കറ്റ് മാതൃകയില്‍ ഡിമാന്‍ഡ് അനുസരിച്ച് മാറും. വാടക, മൊത്തം വരുമാനത്തിന്റെ ഒരു വിഹിതം എന്നിവ ഉള്‍പ്പെടെ ഒരു നിശ്ചിത തുക കമ്പനികള്‍ റെയില്‍വേക്ക് നല്‍കും.

109 റൂട്ടിലായി 151 യാത്ര ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിക്കാണ് റെയില്‍വെ മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. 300 ബില്യണ്‍ രൂപ (4 ബില്യണ്‍ ഡോളര്‍) മുതല്‍ മുടക്ക് ഈ പദ്ധതിക്ക് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് റെയില്‍വേ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 2023 ഏപ്രിലോടെ സ്വകാര്യ ട്രെയിന്‍ സര്‍വീസുകള്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളില്‍ 16 കോച്ചുള്ള സ്വകാര്യ ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

കോച്ചുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് നിര്‍മ്മിക്കുക. ഇവയുടെ പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ കമ്പനികള്‍ക്കാണ്. വൈദ്യുതി, സ്റ്റേഷന്‍, ട്രാക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ റെയില്‍വേയ്ക്ക് പണം നല്‍കണം. 35 വര്‍ഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ജീവനക്കാര്‍ തന്നെയാണ് സര്‍വീസുകള്‍ നടത്തുക. ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് 12 മുതല്‍ 30 ട്രെയിനുകള്‍ സര്‍വീസ് നടത്താം. ആധുനിക സാങ്കേതിക വിദ്യ, കൂടുതല്‍ വേഗത എന്നിവയാണ് സ്വകാര്യ ട്രെയിനുകളുടെ പ്രധാന പ്രത്യേകതകള്‍. സര്‍വീസില്‍ 95 ശതമാനം കൃത്യത പാലിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ ഡല്‍ഹി - ലഖ്നൗ തേജസ് എക്‌സ്പ്രസാണ്. ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് വിജയിച്ചതിന് പിന്നാലെ രണ്ടാമത്തെ സ്വകാര്യ ട്രെയിനായ മുംബൈ അഹമ്മദാബാദ് തേജസ് എക്സ്പ്രസും യാത്ര ആരംഭിച്ചു.

Related Articles

© 2024 Financial Views. All Rights Reserved