ചൈനീസ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പബ്ജി; ഇന്ത്യയിലേക്ക് എത്താന്‍ പങ്കാളിത്തത്തിന് ഒരുങ്ങുന്നു

September 09, 2020 |
|
News

                  ചൈനീസ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പബ്ജി; ഇന്ത്യയിലേക്ക് എത്താന്‍ പങ്കാളിത്തത്തിന് ഒരുങ്ങുന്നു

ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ട് ബിസിനസ് തകര്‍ക്കുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷനെ മോശമായി ബാധിച്ചിരുന്നു. ഇന്ത്യയാണ് പബ്ജി കോര്‍പ്പറേഷന്റെ പ്രധാന വിപണി. ഇന്ത്യയില്‍ മാത്രം 17.5 കോടിയിലേറെ തവണ പബ്ജി ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ മൊത്തം കണക്കെടുത്താല്‍ 24 ശതമാനം വരും ഇന്ത്യയില്‍ നിന്നുള്ള സംഭാവന.

കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പബ്ജിയുടെ പ്രചാരം രാജ്യത്ത് കൊടുമുടി കയറി. പക്ഷെ ഇന്തോ - ചൈന അതിര്‍ത്തിത്തര്‍ക്കം കമ്പനിക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. സെപ്തംബര്‍ രണ്ടിന് പബ്ജിയടക്കം 118 ചൈനീസ് മൊബൈല്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ചൈനീസ് ആപ്പുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനി വികസിപ്പിച്ച ഗെയിമാണ് പബ്ജി. എന്നാല്‍ ഗെയിം ആഗോളതലത്തില്‍ അതിപ്രചാരം നേടിയതോടെ ചൈനീസ് കമ്പനിയായ ടെന്‍സെന്റ് പബ്ജി കോര്‍പ്പറേഷനൊപ്പം പങ്കാളിയായി. ഇന്ത്യയില്‍ പബ്ജി നിരോധിക്കാനുള്ള കാരണവും ഇതേ ചൈനീസ് ബന്ധംതന്നെ. എന്തായാലും ടെന്‍സെന്റുമായുള്ള ബന്ധം പബ്ജി കോര്‍പ്പറേഷന്‍ ഉപേക്ഷിച്ചു. ഇന്ത്യയില്‍ തിരിച്ചുവരിക തന്നെ പ്രഥമലക്ഷ്യം.

നിലവില്‍ പറ്റിയൊരു ഇന്ത്യന്‍ കമ്പനിയെ പങ്കാളിയാക്കാനുള്ള അന്വേഷണത്തിലാണ് പബ്ജി കോര്‍പ്പറേഷന്‍. ഇത്തവണ ഗെയിമിന്റെ പകര്‍പ്പവകാശം പബ്ജി കോര്‍പ്പറേഷന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. വിതരണം മാത്രമായിരിക്കും കമ്പനിയുമായി കരാറിലെത്തുന്ന പങ്കാളിയുടെ ഉത്തരവാദിത്വം. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ക്ക് മാത്രമേ പബ്ജി പോലൊരു സാങ്കേതികത്തികവേറിയ ഗെയിമിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളത്. പെയ്ടിഎം ഫസ്റ്റ് ഗെയിംസാണ് കൂട്ടത്തില്‍ പ്രമുഖര്‍.

പക്ഷെ പബ്ജിയുടെ എതിരാളിയായ ഗരീന ഫ്രീ ഫയറിനൊപ്പം പെയ്ടിഎം ഫസ്റ്റ് ഗെയിംസ് സഹകരിച്ചുവരികയാണ്. ഇന്ത്യയില്‍ പബ്ജി ഗെയിമിനുള്ള ലൈസന്‍സ് റിലയന്‍സ് ജിയോ വാങ്ങുമെന്ന അഭ്യൂഹവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇനിയും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഇതേസമയം, പബ്ജിയുടെ ഒഴിവില്‍ കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍, ഗരീന ഫ്രീ ഫയര്‍ ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡുകള്‍ വാരിക്കൂട്ടുകയാണ്.

സെപ്തംബര്‍ 2 മുതല്‍ 5 വരെയുള്ള കാലയളവില്‍ ഗരീന ഫ്രീ ഫയര്‍ (21 ലക്ഷം), കോള്‍ ഓഫ് ഡ്യൂട്ടി (11.5 ലക്ഷം) ഗെയിമുകളാണ് ആന്‍ട്രോയ്ഡ് ഐഓസ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. പബ്ജിയെ പകര്‍ത്തി പ്ലേ സ്റ്റോറിലെത്തിയ 'പബ്ജെ' ഗെയിമും 1 ലക്ഷം ഡൗണ്‍ലോഡുകള്‍ നേടിയെന്ന കാര്യം ഇവിടെ രസകരമാണ്. എന്തായാലും പബ്ജിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍.

Related Articles

© 2024 Financial Views. All Rights Reserved