റിസര്‍വ് ബാങ്ക് റീപ്പോ നിരക്കില്‍ ഇളവ്; മൊറട്ടോറിയം കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടുന്നു; ആശ്വാസ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

May 22, 2020 |
|
News

                  റിസര്‍വ് ബാങ്ക് റീപ്പോ നിരക്കില്‍ ഇളവ്; മൊറട്ടോറിയം കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടുന്നു; ആശ്വാസ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: വായ്പക്കാര്‍ക്ക് ആശ്വാസം, വായ്പാ തിരിച്ചടവുകളുടെ മൊറട്ടോറിയം കാലാവധി മൂന്നു മാസത്തേക്ക് കൂടി റിസര്‍വ് ബാങ്ക് നീട്ടി. വെള്ളിയാഴ്ച്ച വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം തുടരും. ഇതോടെ മുഴുവന്‍ ആറു മാസത്തെ മൊറട്ടോറിയം സൗകര്യമാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താന്‍ ഈ നടപടി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.

റീപ്പോ, റീവേഴ്സ് റീപ്പോ നിരക്കുകള്‍ കുറച്ചതാണ് റിസര്‍വ് ബാങ്കിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം. റീപ്പോ നിരക്ക് 4.4 ശതമാനത്തില്‍ നിന്നും 4 ശതമാനമായി നിജപ്പെട്ടു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. നിരക്ക് കുറച്ചതോടെ വിവിധ വായ്്പകളുടെ പലിശ നിരക്കുകള്‍ രാജ്യത്ത് കുറയും. റീപ്പോ നിരക്കിനൊപ്പം റിവേഴ്സ് റീപ്പോ നിരക്കും (വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്ക്) റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്. 3.35 ശതമാനമാണ് പുതിയ റീവേഴ്സ് റീപ്പോ നിരക്ക്. നേരത്തെ ഇത് 3.75 ശതമാനമായിരുന്നു.

ഭക്ഷ്യ പണപ്പെരുപ്പം ഏപ്രിലില്‍ 8.6 ശതമാനം തൊട്ടതായും വാര്‍ത്താസമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. ജനുവരിയില്‍ പണപ്പെരുപ്പം കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കണ്ടതുപോലെ ഏപ്രിലിലും ഭക്ഷ്യ പണപ്പെരുപ്പം രാജ്യത്ത്് കുത്തനെ ഉയര്‍ന്നു. പച്ചക്കറികളുടെയും എണ്ണധാന്യങ്ങളുടെയും പാല്‍ ഉത്പന്നങ്ങളുടെയും വിലവര്‍ധനവാണ് ഇതിന് കാരണമെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം മൂന്ന്, നാല് പാദങ്ങളില്‍ മാത്രമേ നാലു ശതമാനത്തിന് താഴെ പണപ്പെരുപ്പം പിടിച്ചുകെട്ടാനാവുകയുള്ളൂ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വിരളമെന്നാണ് പണനയ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം 4.7 ശതമാനം വളര്‍ച്ച സാധ്യമായതുകൊണ്ടാണ് മൊത്തം വര്‍ഷത്തേക്ക് അഞ്ചു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കൊറോണ മഹാമാരി വളര്‍ച്ചയ്ക്ക് വിഘാതമായി. ഇന്ത്യയുടെ ഫോറക്സ് റിസര്‍വുകള്‍ 9.2 ബില്യണ്‍ കോടി രൂപയായി ഉയര്‍ന്നെന്നും റിസര്‍വ് ബാങ്ക് ഇന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ 487 ബില്യണ്‍ ഡോളറിന്റെ ഫോറക്സ് റിസര്‍വുകളുണ്ട് റിസര്‍വ് ബാങ്കിന്. ഒരു വര്‍ഷത്തേക്കുള്ള ഇറക്കുമതി വരുമാനത്തിന് സമാനമാണിത്.

Related Articles

© 2024 Financial Views. All Rights Reserved