റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു; രാജി സാമ്പത്തിക നയങ്ങളിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്

June 24, 2019 |
|
Banking

                  റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു; രാജി സാമ്പത്തിക നയങ്ങളിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഡപ്യൂട്ടി ഗവര്‍ണറുടെ കാലാവധി തീരാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കവെയാണ് വിരാല്‍ ആചാര്യ രാജിവെച്ച് പുറത്തേക്ക് പോകുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നതാണ് സൂചന. പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക പ്രാധാന്യമുള്ള കാര്യങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ആര്‍ബിഐയുടെ ധനനയ രൂപീകരണ ചുമതല ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വിരാല്‍ ആചാര്യ. ശക്തികാന്ത ദാസുമായി അഭിപ്രായ ഭിന്നതകള്‍ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 

അതേസമയം കേന്ദ്രസര്‍ക്കാറുമായി വിരാല്‍ ആചാര്യക്ക് അഭപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും ചില  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ബിഐയുടെ സാമ്പത്തിക കാര്യങ്ങളിലും നയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ വിരാല്‍ ആചാര്യക്ക് അഭിപ്രായ വ്യത്യസമുണ്ടായിരുന്നു. ആര്‍ബിഐയുടെ സ്വയംഭരണവകാശത്തിന് മേല്‍ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ അര്‍ഹതയില്ലെന്ന് 2018 ഒക്ടോബറില്‍ വിരാല്‍ ആചാര്യ തുറന്നുപറഞ്ഞിരുന്നു. 

കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരെ ശക്തമായ വിയോജിപ്പാണ് വിരാല്‍ ആചാര്യ പ്രകടിപ്പിച്ചത്. 2017 ലാണ് റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യ നിയമിച്ചത്. ന്യൂയോക്ക് ബിസിനസ് സ്‌കൂള്‍ പ്രൊഫസറായി ജോലി ചെയ്ത വിരാല്‍ ആചാര്യ അദ്ധ്യാപക ജോലിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved