മാരുതി കാറുകളെ തിരിച്ചുവിളിച്ചതിന് പിന്നാലെ ഗ്ലാന്‍സയെ തിരിച്ചുവിളിച്ച് ടൊയോട്ടയും

July 18, 2020 |
|
Lifestyle

                  മാരുതി കാറുകളെ തിരിച്ചുവിളിച്ചതിന് പിന്നാലെ ഗ്ലാന്‍സയെ തിരിച്ചുവിളിച്ച് ടൊയോട്ടയും

ഫ്യുവല്‍ പമ്പില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 1.35 ലക്ഷത്തോളം കാറുകളെ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ അടുത്തിടെയാണ് തീരുമാനിച്ചത്. വാഗണ്‍ ആര്‍, ബലോനോ മോഡലുകളെയാണ് മാരുതി തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.

ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയെ തിരിച്ചുവിളിക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും (ടികെഎം) നടപടി തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട രൂപാന്തരമാണു ഗ്ലാന്‍സ. അതുകൊണ്ടുതന്നെ നിര്‍ദിഷ്ട കാലാവധിക്കിടെ നിര്‍മിച്ച 6,500 ഗ്ലാന്‍സ കാറുകളെ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു ടി കെ എമ്മിന്റെയും നീക്കം.

പെട്രോള്‍ എന്‍ജിനുള്ള ബലേനൊയില്‍ സംശയിക്കുന്ന തകരാര്‍ 2019 ഏപ്രില്‍ രണ്ടിനും 2019 ഒക്ടോബര്‍ ആറിനും ഇടയ്ക്കു നിര്‍മിച്ച ഗ്ലാന്‍സയ്ക്കാണു ബാധകമാവുക. ഈ കാറുകള്‍ ഡീലര്‍ഷിപ്പുകളിലേക്കു തിരിച്ചു വിളിച്ചു പരിശോധിക്കുമെന്നും തകരാര്‍ കണ്ടെത്തുന്ന പക്ഷം ഇന്ധന പമ്പ് സൗജന്യമായി മാറ്റി നല്‍കുമെന്നുമാണു ടൊയോട്ടയുടെ വാഗ്ദാനം.

ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും വാഹന മോഡലുകള്‍ പങ്കിടുന്നതു സംബന്ധിച്ച് 2018 മാര്‍ച്ചിലാണ് കരാര്‍ ഒപ്പുവച്ചത്. തുടര്‍ന്ന് ഈ സഖ്യത്തില്‍ നിന്നു പുറത്തിറങ്ങിയ ആദ്യ കാറാണു ടൊയോട്ട ഗ്ലാന്‍സ. ഇന്ധന പമ്പിനു തകരാറുണ്ടെന്നു സംശയിച്ച് 1.35 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു മാരുതി സുസുക്കിയുടെ നീക്കം. ഹാച്ച്ബാക്കായ വാഗണ്‍ ആര്‍, പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ എന്നിവയിലെ ഫ്യുവല്‍ പമ്പിലാണു നിര്‍മാണ തകരാര്‍ സംശയിക്കുന്നത്. ആകെ 56,663 വാഗന്‍ ആര്‍ കാറുകളും 78,222 ബലേനൊയും തിരിച്ചു വിളിച്ചു പരിശോധിക്കാനാണു കമ്പനിയുടെ തീരുമാനം.

Related Articles

© 2024 Financial Views. All Rights Reserved