വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപം നടത്തുകയുള്ളൂ: സൗദി അരാംകോ

August 13, 2020 |
|
News

                  വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപം നടത്തുകയുള്ളൂ: സൗദി അരാംകോ

വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ സൗദി അരാംകോ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുകയുള്ളൂ എന്ന് സൗദി അരാംകോ സിഇഒ അമിന്‍ നാസര്‍. കമ്പനിയെ സംബന്ധിച്ച് ഇതു വലിയ നിക്ഷേപമാണ്. തിടുക്കപ്പെട്ട് റിലയന്‍സില്‍ നിക്ഷേപം നടത്താന്‍ സൗദി അരാംകോ ആഗ്രഹിക്കുന്നില്ല. ആവശ്യമായ പഠനങ്ങളും ചര്‍ച്ചകളും നടത്തിയ ശേഷം മാത്രമേ റിലയന്‍സില്‍ നിക്ഷേപം നടത്തുകയുള്ളൂവെന്ന് അമിന്‍ നാസര്‍ തിങ്കളാഴ്ച്ച അറിയിച്ചു.

നേരത്തെ, സൗദി അരാംകോയുമായി ദീര്‍ഘകാലം ബന്ധം തുടരാനുള്ള താത്പര്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ സൂചിപ്പിച്ചിരുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണ് സൗദി അരാംകോ. അരാംകോയുമായുള്ള ബന്ധം തങ്ങളുടെ ഓയില്‍-ടു-കെമിക്കല്‍ ബിസിനസിന് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസം റിലയന്‍സിനുണ്ട്. റിലയന്‍സിന്റെ 20 ശതമാനം ഓഹരി വാങ്ങാനാണ് സൗദി അരാംകോ തയ്യാറെടുക്കുന്നത്. എന്നാല്‍ മൂല്യനിര്‍ണയത്തെച്ചൊല്ലി ചര്‍ച്ചകള്‍ കുറച്ചുനാള്‍ അനിശ്ചിതത്വത്തിലായി. രാജ്യാന്തര വിപണിയില്‍ എണ്ണ ആവശ്യകത കുറയുന്നു. ആസ്തികള്‍ക്ക് മൂല്യത്തകര്‍ച്ച സംഭവിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍-ടു-കെമിക്കല്‍ ബിസിനസിന്റെ മൂല്യം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് സൗദി അരാംകോ.

മുന്‍നിശ്ചയിച്ച പ്രകാരം അരാംകോയുമായി ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. ഇതേസമയം, കഴിഞ്ഞ കാലയളവില്‍ അരാംകോയുടെ പിന്തുണയില്ലാതെതന്നെ റിലയന്‍സ് സ്വന്തം ഇക്വിറ്റി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 7,500 കോടി ഡോളര്‍ സംരംഭക മൂല്യം കണക്കാക്കി 20 ശതമാനം ഓഹരികള്‍ വാങ്ങാനാണ് സൗദി അരാംകോ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 15 ബില്യണ്‍ ഡോളര്‍ നിക്ഷേപം അരാംകോ റിലയന്‍സില്‍ നടത്തും. ഇടപാട് നടന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കുമിത്. പക്ഷെ കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി എണ്ണ ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ റിലയന്‍സുമായുള്ള ഇടപാട് പുനഃപരിശോധിക്കാന്‍ അരാംകോ ആഗ്രഹിക്കുന്നു. ജൂണ്‍ പാദത്തില്‍ 73 ശതമാനം ലാഭം ഇടിഞ്ഞെന്ന് സൗദി അരാംകോ അറിയിച്ചിരുന്നു. 2,470 കോടി ഡോളറില്‍ നിന്നും 660 കോടി ഡോളറിലേക്കാണ് അരാംകോയുടെ ലാഭം ഇടിഞ്ഞത്.

Related Articles

© 2024 Financial Views. All Rights Reserved