ജിയോയിലെ ഫേസ്ബുക്ക് നിക്ഷേപം: 43,574 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കൈമാറി

July 08, 2020 |
|
News

                  ജിയോയിലെ ഫേസ്ബുക്ക് നിക്ഷേപം: 43,574 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കൈമാറി

മുംബൈ: ഫേസ്ബുക്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജാദു ഹോള്‍ഡിംഗ്സ് എല്‍എല്‍സി 43,574 കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്ഫോമില്‍ നടത്തിയ നിക്ഷേപ തുക റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കൈമാറുന്നു. ഇതോടെ 9.99 ശതമാനം ജിയോ ഓഹരികള്‍ ഫേസ്ബുക്ക് ഏറ്റെടുക്കും. മുന്‍നിര ഇന്ത്യന്‍ ടെലികോം ശൃംഖലയായ ജിയോ പ്ലാറ്റ്ഫോമില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ച ഫേസ്ബുക്കിന്റെ കരാര്‍ ജൂണ്‍ 24-ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകരിച്ചിരുന്നു.

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് ഏപ്രില്‍ 22-ന് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജിയോയില്‍ നിക്ഷേപങ്ങളുടെ തുടക്കമായത്. അതിനുശേഷം 11 വിദേശ നിക്ഷേപകര്‍ കൂടി ജിയോയില്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഫേസ്ബുക്കിന് പിന്നാലെ ജനറല്‍ അറ്റ്ലാന്റിക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, കെകെആര്‍, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്മെന്റ്, എഐഡിഎ, ടിപിജി ക്യാപിറ്റല്‍, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റല്‍ ക്യാപിറ്റല്‍ എന്നീ കമ്പനികളും ജിയോയില്‍ നിക്ഷേപമിറക്കി. ലോകത്ത് തുടര്‍ച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റല്‍ ക്യാപിറ്റലാണ് ജിയോ പ്ലാറ്റ്ഫോമുകളില്‍ അവസാനമായി നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ജിയോയിലെ 0.39 ശതമാനം ഓഹരികള്‍ക്കായി ഇന്റല്‍ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അറിയിച്ചത്. 11 ആഴ്ചയ്ക്കിടെ ജിയോയില്‍ എത്തുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണ് ഇന്റെല്‍ ക്യാപിറ്റലിന്റേത്.

Related Articles

© 2024 Financial Views. All Rights Reserved