കോവിഡ് കാലത്തും റബര്‍ വില മുകളിലേക്ക്; രാജ്യാന്തര വിലയിലും വര്‍ധനവ്

September 23, 2020 |
|
News

                  കോവിഡ് കാലത്തും റബര്‍ വില മുകളിലേക്ക്; രാജ്യാന്തര വിലയിലും വര്‍ധനവ്

കൊച്ചി: കോവിഡ് കാലത്തും റബര്‍ വില മുകളിലേക്കെന്നു സൂചന. ഇന്ത്യയിലെ ഉപയോഗം കൂടിയതു മാത്രമല്ല രാജ്യാന്തര വിലയും വര്‍ധിക്കുകയാണ്. ചൈനയിലെ ഉപയോഗം ഓഗസ്റ്റില്‍ കൂടിയിട്ടുമുണ്ട്.  നല്ല മഴയും റബറിന് ശുഭാപ്തി നല്‍കുന്നു.ഗതാഗതം കുറഞ്ഞെങ്കിലും വാഹന വില്‍പനയില്‍ കാര്യമായ കുറവില്ലെന്നു മാത്രമല്ല ട്രാക്ടര്‍, ടില്ലര്‍, ട്രെയ്‌ലര്‍ തുടങ്ങി കൃഷി രംഗത്ത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പന കൂടുകയായിരുന്നു. ടയറിന് അതനുസരിച്ച് ആവശ്യം വര്‍ധിക്കുകയും ചെയ്തു.

മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ തൊഴിലാളികള്‍ വന്‍ നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു തിരികെപ്പോയതു കൃഷിക്കു ഗുണമായി. ഉത്തരേന്ത്യയില്‍ കൊയ്ത്തും മെതിയും നടീലും ഉള്‍പ്പടെ കൃഷിപ്പണികള്‍ക്കു കൂടുതല്‍ ആളെ കിട്ടി. മഴയും കനിഞ്ഞു. നല്ല വിളവും നല്ല വിലയും കിട്ടിയതോടെ കര്‍ഷകരുടെ പോക്കറ്റില്‍ പണം വന്നു. വാഹനം ഉള്‍പ്പടെ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിച്ചു. അതോടെ ഇക്കൊല്ലം ജൂലൈയില്‍ റബര്‍ ഉപയോഗം 96000 ടണ്ണായി. 2019 ജൂലൈയില്‍ 95000 ടണ്‍ ഉപയോഗം മാത്രം. 2019 ഓഗസ്റ്റില്‍ 92500 ടണ്‍ ഉപയോഗം നടന്നപ്പോള്‍ ഇക്കൊല്ലം ഓഗസ്റ്റില്‍ 94000 ടണ്ണാണ്.

റബര്‍ ഉല്‍പാദനത്തിനും വര്‍ധനയുണ്ട്. ഇക്കൊല്ലം ഓഗസ്റ്റില്‍ 58000 ടണ്‍ ഉത്പാദിപ്പിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 57000 ടണ്ണായിരുന്നു.  ഉപയോഗം കൂടുതലാകയാല്‍ എത്ര ഉല്‍പാദിപ്പിച്ചാലും ഇന്ത്യന്‍ വിപണിക്ക് ഏറ്റെടുക്കാന്‍ കഴിയും. ഇക്കൊല്ലം ഇന്ത്യന്‍ ഉല്‍പാദനം ഇനിയും കൂടുമെന്നാണു വിലയിരുത്തലെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.എന്‍.രാഘവന്‍ പറഞ്ഞു. ലോക്ഡൗണിലും 2 ലക്ഷം ഹെക്ടറില്‍ റെയിന്‍ഗാര്‍ഡ് ഇടുകയും ചെയ്തു.

തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും മലേഷ്യയിലും മഴയും തൊഴിലാളിക്ഷാമവും മൂലം ഉല്‍പാദനം കുറഞ്ഞു. സാധാരണ രാജ്യാന്തര വിലയെക്കാള്‍ ഇന്ത്യന്‍ റബര്‍ വില കൂടി നില്‍ക്കുകയാണു പതിവ്. ഇപ്പോള്‍ ഇന്ത്യന്‍ വില കുറവാണ്. രാജ്യാന്തര വില (ബാങ്കോക്ക്) ആര്‍എസ്എസ്4 ഷീറ്റിന് 145 രൂപയുണ്ട്. ക്രംബിന് 118119 രൂപ. ഇന്ത്യന്‍ വില ഷീറ്റ് ആര്‍എസ്എസ്4 ന് 133 രൂപ. ലാറ്റക്‌സിനു 9496 രൂപ.കയറ്റുമതി കേരളത്തില്‍നിന്ന് ഇക്കൊല്ലം ഇതിനകം 1600 ടണ്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12000 ടണ്‍ കയറ്റുമതി ചെയ്തിരുന്നു. ഈ സാമ്പത്തിക വര്‍ഷം അതു കവിയുമെന്നാണു കരുതപ്പെടുന്നത്. ഇന്ത്യന്‍ റബര്‍ കയറ്റുമതി മുഖ്യമായും കേരളത്തില്‍ നിന്നാണ്.

Related Articles

© 2024 Financial Views. All Rights Reserved