കടപ്പത്ര വിപണിയിലേക്ക് സൗദി അറേബ്യയും; 7 ബില്യണ്‍ ഡോളറിന്റെ കടപ്പത്രം വിറ്റഴിച്ചു; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള സൗദിയുടെ നീക്കം

April 17, 2020 |
|
News

                  കടപ്പത്ര വിപണിയിലേക്ക് സൗദി അറേബ്യയും; 7 ബില്യണ്‍ ഡോളറിന്റെ കടപ്പത്രം വിറ്റഴിച്ചു; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള സൗദിയുടെ നീക്കം

റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ എണ്ണവില കൂപ്പുകുത്തിയതോടെ പശ്ചിമേഷ്യയിലെ എണ്ണ സമ്പന്ന രാജ്യങ്ങളുടെ ചുവടുപിടിച്ച് കടപ്പത്ര വിപണിയിലേക്ക് സൗദി അറേബ്യയും. എണ്ണവിലയിടിവിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സൗദി ഏഴ് ബില്യണ്‍ ഡോളറിന്റെ കടപ്പത്രം വിറ്റഴിച്ചു. നാല് മാസങ്ങള്‍ക്കിടെ രണ്ടാംതവണയാണ് ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി സൗദി അന്താരാഷ്ട്ര മൂലധന വിപണിയെ സമീപിക്കുന്നത്. കടപ്പത്ര വില്‍പ്പനയ്ക്കായി നിക്ഷേപകരില്‍ നിന്നും 54 ബില്യണ്‍ ഡോളറിലേറെ ഓര്‍ഡറുകളാണ് സൗദിയെ തേടിയെത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി ഖത്തറും അബുദാബിയും ഇസ്രയേലും വിദേശ കടപ്പത്രങ്ങള്‍ പുറത്തിറക്കിയിരുന്നു.

എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതി പ്രകാരമാണ് സൗദി കടപ്പത്ര, ഓഹരി വില്‍പ്പനകളിലൂടെ ധന സമാഹരണം നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ 29 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സൗദി തദ്ദേശീയ നിക്ഷേപകര്‍ക്ക് വിറ്റിരുന്നു.

5.5 വര്‍ഷം കാലാവധിയുള്ള 2.5 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളും 10.5 വര്‍ഷം കാലാവധിയുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളും 40 വര്‍ഷം കാലാവധിയുള്ള 3 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങളുമാണ് സൗദി അറേബ്യ വിറ്റത്. കടപ്പത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഡിമാന്‍ഡ് ഉയര്‍ന്നതോടെ മുന്‍നിശ്ചയിച്ചതിലും കുറഞ്ഞ പലിശനിരക്കില്‍ കടപ്പത്രങ്ങള്‍ വില്‍ക്കാന്‍ സൗദിക്ക് സാധിച്ചു. അമേരിക്കന്‍ ഡോളറിലുള്ള, ഹ്രസ്വകാല കടപ്പത്രങ്ങള്‍ക്ക് യുഎസ് ട്രഷറികളില്‍ നിന്നും 260,270 ബേസിസ് പോയിന്റുകളും ദീര്‍ഘകാല കടപ്പത്രങ്ങള്‍ക്ക് 4.55 ശതമാനം പലിശയുമാണ് സൗദി വാഗ്ദാനം ചെയ്യുന്നത്. 2055ല്‍ മച്വര്‍ ആകുന്ന ഏറ്റവും കൂടുതല്‍ കാലാവധിയുള്ള കടപ്പത്രത്തിന് 4.26 ശതമാനമാണ് പലിശനിരക്ക്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 20 ഡോളറിലേക്ക് കൂപ്പുകുത്തിയതോടെ കടപ്പത്ര വിപണിയെ ആശ്രയിക്കുന്ന എണ്ണ സമ്പന്ന രാജ്യങ്ങളുടെ എണ്ണം കൂടി വരികയാണ്. നിലവിലെ സാഹചര്യത്തില്‍ കടപ്പത്ര വിപണിയില്‍ നിന്നും ധനസമാഹരണം നടത്തുകയല്ലാതെ എണ്ണ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ലെന്ന് ലണ്ടനിലെ മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റിലെ മുതിര്‍ന്ന അനലിസ്റ്റായ റിച്ചാര്‍ഡ് സീഗള്‍ പറഞ്ഞു. എണ്ണവില താഴ്ന്ന നിലയില്‍ തന്നെ തുടരുകയും പുതിയ കരാറുകളുടെ അടിസ്ഥാനത്തില്‍ എണ്ണ ഉല്‍പ്പാദനം കുറക്കേണ്ടതായി വരികയും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ മേഖലയിലെ സര്‍ക്കാരുകളുടെ ധനകമ്മിയും സാമ്പത്തിക ആവശ്യങ്ങളും കുതിച്ചുയരുകയാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

സിറ്റിഗ്രൂപ്പ്, ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് എന്നിവരാണ് കടപ്പത്ര വില്‍പ്പനയില്‍ സൗദി അറേബ്യയെ സഹായിച്ചത്. കഴിഞ്ഞ ആഴ്ച ഖത്തറും അബുദാബിയും പുറത്തിറക്കിയ കടപ്പത്രങ്ങള്‍ക്ക് അന്താരാഷ്ട്ര കടപ്പത്ര നിക്ഷേപകര്‍ക്കിടയില്‍ വന്‍തോതില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് സൗദി അറേബ്യയും കടപ്പത്ര വിപണിയിലേക്ക് എത്തിച്ചേര്‍ന്നത്. 17 ബില്യണ്‍ ഡോളറാണ് കടപ്പത്ര വില്‍പ്പനയിലൂടെ ഖത്തറും അബുദാബിയും സമാഹരിച്ചത്. ഈ മാസം തുടക്കത്തില്‍ മറ്റൊരു പശ്ചിമേഷ്യന്‍ രാജ്യമായ ഇസ്രയേലും 5 ബില്ല്യണ്‍ ഡോളറിന്റെ കടപ്പത്രം പുറത്തിറക്കിയിരുന്നു.

സൗദിയും സാമ്പത്തിക സമ്മര്‍ദ്ദത്തില്‍

ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം എണ്ണയ്ക്ക് 50 ശതമാനത്തിലേറെ വില ഇടിഞ്ഞ് ബാരലിന് 30 ഡോളറില്‍ താഴെ എത്തിയതോടെയാണ് അറബ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുടെ സാമ്പത്തിക നില താളം തെറ്റാന്‍ തുടങ്ങിയത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെ അപേക്ഷിച്ച് കടബാധ്യത കുറവാണെങ്കിലും എണ്ണവില ബാരലിന് 80 ഡോളര്‍ ആയെങ്കില്‍ മാത്രമേ സൗദിക്ക് ബജറ്റ് സന്തുലിതമായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. 2020ല്‍ സൗദിയുടെ ധനക്കമ്മി ജിഡിപിയുടെ 10 ശതമാനമായി ഉയരുമെന്നാണ് മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് അഭിപ്രായപ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വരുമിത്.

മാത്രമല്ല 2014 മധ്യത്തില്‍ ഉണ്ടായ എണ്ണവില തകര്‍ച്ചയെ അപേക്ഷിച്ച് ഇത്തവണ രാജ്യത്തുള്ള കരുതല്‍ ധനശേഖരം കുറവാണെന്നതും സൗദിക്ക് ആശങ്ക നല്‍കുന്ന കാര്യമാണ്. അന്നത്തെ വിദേശനാണ്യ ശേഖരം 730 ബില്യണ്‍ ഡോളറിനടുത്തായിരുന്നെങ്കില്‍ ഇന്നത് 500 ബില്യണ്‍ ഡോളറില്‍ കുറവാണ്. ഈ സാഹചര്യത്തില്‍ വായ്പനിലവാരം സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ വര്‍ഷം 100 ബില്യണ്‍ റിയാലോളം (26.6 ബില്യണ്‍ ഡോളര്‍) വായ്പയെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് സൗദി ഏറ്റവുമൊടുവില്‍ അന്താരാഷ്ട്ര കടപ്പത്ര വിപണിയെ സമീപിച്ചത്. അന്ന് 5 ബില്യണ്‍ ഡോളറാണ് സൗദി സമാഹരിച്ചത്. എണ്ണവിലത്തകര്‍ച്ചയ്്ക്ക് മുമ്പായിരുന്നെങ്കില്‍ കൂടിയും ഈ വര്‍ഷം 4 ബില്യണ്‍ ഡോളറിന്റെ വിദേശ കടപ്പത്രങ്ങള്‍ കൂടി ഇറക്കിയേക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍-ജദാന്‍ അന്ന് പറഞ്ഞിരുന്നു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ ഒപെക് പ്ലസ് സംഘടനയിലെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തെങ്കിലും എണ്ണവിലയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ആ തീരുമാനത്തിന് കഴിഞ്ഞിട്ടില്ല. ഈ നിലയിലുള്ള എണ്ണവില ഉല്‍പ്പാദകരെ സംബന്ധിച്ചെടുത്തോളം ഏറെ വേദനാജനകമാണെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപ്ലെടണിലെ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക വിഭാഗം ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ മൊഹിദ്ദീന്‍ ക്രോണ്‍ഫോള്‍ പറഞ്ഞു. കുറഞ്ഞ നിലവാരത്തിലുള്ള എണ്ണവിലയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും വര്‍ഷാവസാനത്തിന് മുമ്പായി എണ്ണവില ബാരലിന് 45 ഡോളറിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഏവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേഖലയിലുള്ള സര്‍ക്കാരുകളും കമ്പനികളും ഈ വര്‍ഷം 105 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന കടപ്പത്രങ്ങള്‍ പുറത്തിറക്കിയേക്കുമെന്നാണ് ഫ്രാങ്ക്‌ളിന്‍ ടെംപ്ലെടണ്‍ കണക്കുകൂട്ടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved