ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സ്വയം തൊഴില്‍ വായ്പാ പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ്; 15 ലക്ഷം രൂപ വരെ വായ്പ

September 11, 2020 |
|
News

                  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സ്വയം തൊഴില്‍ വായ്പാ പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ്; 15 ലക്ഷം രൂപ വരെ വായ്പ

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വയം തൊഴില്‍ വായ്പാ പദ്ധതിയുമായി സാമൂഹ്യ നീതി വകുപ്പ്. വിശദമാ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവര്‍ക്കാണ് വായ്പ ലഭിക്കുകയെന്ന്  മന്ത്രി കെകെ ശൈലജ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

പലതരം സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ട്രാന്‍സ്ജെന്‍ഡര്‍മാരും. അവരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved