ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 996 പോയിന്റ് ഉയര്‍ന്നു

May 27, 2020 |
|
Trading

                  ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 996 പോയിന്റ് ഉയര്‍ന്നു

മുംബൈ: സ്വകാര്യ ബാങ്കുകളുടെ നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു. സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ കാര്‍ലൈല്‍ ഫണ്ട് ഇന്‍ഫ്യൂഷനായി ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ആക്സിസ് ബാങ്ക് ഓഹരി കുതിച്ചുയര്‍ന്നു. മറ്റ് ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയും മികച്ച നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 996 പോയിന്റ് ഉയര്‍ന്ന് 31,605 ലും നിഫ്റ്റി 286 പോയിന്റ് ഉയര്‍ന്ന് 9,315 ലും വ്യാപാരം അവസാനിപ്പിച്ചു.

ഈ വര്‍ഷം ഇതുവരെ 44 ശതമാനത്തിലധികം നഷ്ടം നേരിട്ട നിഫ്റ്റി ബാങ്ക് ഓഹരികള്‍ ഇന്ന് 7.3 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി ഫിന്‍ സര്‍വീസസും 5.8 ശതമാനം മുന്നേറി. സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ കാര്‍ലൈല്‍ ബാങ്കിലെ എട്ട് ശതമാനം ഓഹരികള്‍ക്കായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്ക് 14 ശതമാനത്തിലധികം ഉയര്‍ന്നു. മറ്റ് മേഖല സൂചികകളില്‍ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ എന്നിവയും 2.5 ശതമാനത്തിലധികം വര്‍ധിച്ചു. നിഫ്റ്റി എഫ്എംസിജി 0.33 ശതമാനം ഉയര്‍ന്നു.

മികച്ച നേട്ടം കൈവരിച്ച അഞ്ച് ഓഹരികളില്‍ മൂന്നും ബാങ്ക് ഓഹരികളാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഗ്രാസിം, ബജാജ് ഫിനാന്‍സ് എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികള്‍. സണ്‍ ഫാര്‍മ, അള്‍ട്രാടെക് സിമന്റ്, സീ, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ലോക്ക്‌ഡൌണിന്റെ ആദ്യ ആറ് ആഴ്ചകളില്‍ 'ഫലത്തില്‍ വില്‍പന പൂജ്യമാണെന്ന്' കമ്പനി പറഞ്ഞതിനെ തുടര്‍ന്ന് ടൈറ്റന്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു.

അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആശങ്കകളില്‍ ഏഷ്യന്‍ ഓഹരികള്‍ ഇടിഞ്ഞു. ജപ്പാന് പുറത്തുള്ള എംഎസ്സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക 0.4 ശതമാനം ഇടിഞ്ഞു. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ന് വരെ 151,700 ആയി ഉയര്‍ന്നു. കര്‍ശന ലോക്ക്‌ഡൌണില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ നേട്ടം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved