ഓഹരി വിപണി മികച്ച പ്രകടനം കാഴ്ച്ച വച്ചു; തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും നേട്ടം

July 03, 2020 |
|
Trading

                  ഓഹരി വിപണി മികച്ച പ്രകടനം കാഴ്ച്ച വച്ചു; തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും നേട്ടം

മുംബൈ: ഓട്ടോ, ഐടി ഓഹരികളുടെ പിന്തുണയോടെ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐഷര്‍ മോട്ടോഴ്സ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. രാവിലത്തെ നേട്ടം നിലനിര്‍ത്താനായില്ലെങ്കിലും വെള്ളിയാഴ്ച ഉയര്‍ന്ന നേട്ടത്തോടെ തന്നെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 178 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 36,021 ലെത്തി. നിഫ്റ്റി 50 സൂചിക 52 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 10,603 ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍ക്യാപ് സൂചികകള്‍ ഇന്ന് 0.66 ശതമാനവും 0.22 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി സൂചികയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സൂചിക. 1.08 ശതമാനം ഉയര്‍ന്നു. നിഫ്റ്റി റിയല്‍റ്റി (1.02 ശതമാനം), നിഫ്റ്റി ഓട്ടോ (0.99 ശതമാനം) എന്നിങ്ങനെ നേട്ടം കൈവരിച്ചു. അതേസമയം, നിഫ്റ്റി പിഎസ്യു ബാങ്ക് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സൂചികയായി. ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, എന്‍ടിപിസി എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സീ എന്റര്‍ടൈന്‍മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 1,894.50 കോടി രൂപ ഇന്റല്‍ ടെക്നോളജി ജിയോ പ്ലാറ്റ്ഫോമില്‍ 0.39 ശതമാനം ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ റിലയന്‍സിലെ പന്ത്രണ്ടാമത്തെ വലിയ നിക്ഷേപമാണിത്.

8,900 കോടി രൂപയുടെ മിസൈലുകള്‍, വെടിമരുന്ന്, ആയുധ സംവിധാനങ്ങള്‍ എന്നിവ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പ്രതിരോധ ഓഹരികള്‍ ഉയര്‍ന്നു. ഗ്രൂപ്പ് പുന:സംഘടന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മദര്‍സണ്‍ സുമിയുടെ ഓഹരികള്‍ വെള്ളിയാഴ്ച തുടക്കത്തില്‍ 9 ശതമാനം ഇടിഞ്ഞു. ആഭ്യന്തര വയറിംഗ് ഹാര്‍നെസ് (ഡിഡബ്ല്യുഎച്ച്) ബിസിനസിനെ ഒരു പുതിയ കമ്പനിയായി മാറ്റുമെന്ന് കമ്പനി അറിയിച്ചു. 851 എന്‍എസ്ഇ ഓഹരികള്‍ നേട്ടത്തോടെ അവസാനിച്ചപ്പോള്‍ ഇന്ന് 958 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

Related Articles

© 2024 Financial Views. All Rights Reserved