സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരുടെ ഒഴുക്ക്; ആദ്യഘട്ട ഓഹരികള്‍ വിപണിയില്‍ എത്തി; വിപണിയില്‍ മികച്ച നേട്ടം തുടരുമെന്ന് വിദഗ്ധര്‍

November 19, 2019 |
|
News

                  സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകരുടെ ഒഴുക്ക്; ആദ്യഘട്ട ഓഹരികള്‍ വിപണിയില്‍ എത്തി;  വിപണിയില്‍ മികച്ച നേട്ടം തുടരുമെന്ന് വിദഗ്ധര്‍

റിയാദ്: ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയുടെ വിവരങ്ങള്‍ പുറത്ത്. ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനക്കൊരുങ്ങിയ സൗദി ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ ആദ്യഘട്ട ഓഹരികള്‍ വിപണിയില്‍ എത്തിയതോടെ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്.ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സൂചകത്തിലേക്ക് ഓഹരി വില്‍പന ഉയരുന്നതാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടത്.ഇന്‍ഡക്സ് പോയിന്റ് 7590.33 എന്ന ഉയരത്തിലായിരുന്നു ഈ മാസം മൂന്നിന് ഓഹരി വിപണി. ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സൂചകമായിരുന്നു ഇത്. ഇന്ന് ഓഹരികള്‍ വിപണിയില്‍ വില്‍പന തുടങ്ങിയതോടെ ഈ തരംഗം തുടരുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു

20,000 കോടി ഷെയറുകളില്‍ ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികളാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കുന്നത്. സൗദി സ്റ്റോക്ക് മാര്‍ക്കറ്റായ 'തദാവുല്‍' മുഖേനെ ആഭ്യന്തര വിപണിയിലാണ് അരാംകോ ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. വിദേശികള്‍ക്കും ഇത് വാങ്ങാന്‍ സാധിക്കും. യോഗ്യതകളുടെ മാനദണ്ഡത്തിലാണ് വിദേശികള്‍ക്ക് ഓഹരി ലഭിക്കുക. അടുത്ത വര്‍ഷത്തോടെ ലോക ഓഹരി വിപണിയിലേക്കും അരാംകോ പ്രവേശിക്കുമെന്നാണ് സൂചന.ഓഹരിയുടെ അടിസ്ഥാന വില വ്യക്തികള്‍ക്ക് 32 റിയാല്‍(ഏകദേശം 610 രൂപ), സ്ഥാപനങ്ങള്‍ക്ക് 30 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. വ്യക്തികള്‍ക്ക് ഈ മാസം 28 വരെയും കമ്പനികള്‍ക്ക് ഡിസംബര്‍ 4 വരെയും അപേക്ഷ നല്‍കാം. അന്തിമ വില 5ന് പ്രഖ്യാപിക്കും.

ഓഹരികള്‍ സൗദിയിലെ തദാവുല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറും. സൗദി ഓഹരി വിപണിയില്‍ പ്രവര്‍ത്തനാനുമതിയുള്ള ഓഹരി ബ്രോക്കറേജ് സ്ഥാപനങ്ങളിലൂടെ ഇന്ത്യയിലുള്ളവര്‍ക്കും ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം(എല്‍ആര്‍എസ്) പ്രകാരം രണ്ടര ലക്ഷം ഡോളറിനു വരെ ഓഹരി വാങ്ങാനാകും.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 എന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് ഓഹരി വിറ്റഴിക്കല്‍. സൗദിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയെന്നതാണ് പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.  പ്രഥമ ഓഹരി വില്‍പ്പനയിലൂടെ രണ്ട് ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved