വാഹന വിപണി വന്‍ തകര്‍ച്ചയിലേക്കോ? ജൂലൈയില്‍ മാത്രം പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനം ഇടിവ്; 20 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നടുങ്ങി കമ്പനികള്‍

August 14, 2019 |
|
Lifestyle

                  വാഹന വിപണി വന്‍ തകര്‍ച്ചയിലേക്കോ? ജൂലൈയില്‍ മാത്രം പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനം ഇടിവ്; 20 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നടുങ്ങി കമ്പനികള്‍

മുംബൈ: കഴിഞ്ഞ 20 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് വാഹന വിപണി. ജൂലൈയില്‍ മാത്രം പാസഞ്ചര്‍  വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആശങ്കകളും ഉയരുകയാണ്. സാമ്പത്തിക രംഗം നേരിടുന്ന മാന്ദ്യവും വാഹനങ്ങളുടെ വിലയിലുണ്ടായ വര്‍ധനയും ഇവ വാങ്ങാനുള്ള ഫിനാന്‍സ് സേവനങ്ങളില്‍ വന്ന ഇടിവുമാണ് വിപണിയ്ക്ക് തിരിച്ചടിയായത്. മാത്രമല്ല ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളും ലഭിക്കുന്നില്ല. കൊമേഴ്‌സ്യല്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് വിപണിയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്.

വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ജിഎസ്ടി നിരക്ക് കുറയ്ക്കണം എന്നത് മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് നികുതികളിലും ഇളവ് ഏര്‍പ്പെടുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2019ന്റെ ആദ്യ ഏഴ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 13.2 ശതമാനം ഇടിഞ്ഞ് 1.76 മില്യണ്‍ യൂണിറ്റുകള്‍ മാാത്രം വിറ്റു പോകുന്ന നിലയിലേക്ക് വന്നിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സാണ് ഈ കണക്ക് പുറത്ത് വിട്ടത്.

ജൂലൈയില്‍ വാഹന വിപണി വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും വില്‍പന 31  ശതമാനം ഇടിഞ്ഞിരുന്നുവെന്നും കണക്കുകള്‍വ്യക്തമാക്കുന്നു. 2001ന് ശേഷം 2013ലാണ് വാഹന വിപണിയില്‍ ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. അന്ന് ഇത് 7.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 ജൂലൈ മാസത്തില്‍ കാറുകള്‍ അടക്കമുളള പാസഞ്ചര്‍ വാഹനങ്ങളില്‍ 2,90,931 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 2,00,790 യൂണിറ്റുകള്‍ മാത്രമായിരുന്നു. കാറുകളുടെ വില്‍പ്പനയില്‍ 35.95 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

2018 ജൂലൈ മാസത്തില്‍ 1,91,979 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 1,22, 956 യൂണിറ്റുകളായിരുന്നു. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സാണ് (എസ്‌ഐഎഎം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇരുചക്ര വാഹന വില്‍പ്പനയിലും വലിയ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,51,324 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന നടന്നെങ്കില്‍ ഈ വര്‍ഷം അത് 9,33,996 യൂണിറ്റുകളാണ്. വില്‍പ്പനയിലുണ്ടായ ഇടിവ് 18.88 ശതമാനമാണ്. 

ഇരുചക്ര വാഹന വിപണി മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 25.71 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 76,545 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് 56,866 യൂണിറ്റുകളാണ് ഈ വര്‍ഷം വില്‍പ്പന നടന്നത്. ആകെ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും വന്‍ ഇടിവുണ്ടായി. മുന്‍ വര്‍ഷത്തെക്കാള്‍ 18.71 ശതമാനത്തിന്റെ ഇടിവാണ് ഈ വര്‍ഷം രജിസ്‌ട്രേഷനിലുണ്ടായത്.

Related Articles

© 2024 Financial Views. All Rights Reserved