സർക്കാരിന് സഹായങ്ങൾ എത്തിക്കാൻ തയാറായി ഓൺലൈൻ സ്റ്റാർട്ടപ്പുകൾ; പലചരക്ക്, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാൻ സ്വിഗ്ഗിയും, സൊമാറ്റോയും, റെബൽ ഫുഡ്സും; കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്ന് മറ്റ് കമ്പനികളും

March 30, 2020 |
|
News

                  സർക്കാരിന് സഹായങ്ങൾ എത്തിക്കാൻ തയാറായി ഓൺലൈൻ സ്റ്റാർട്ടപ്പുകൾ; പലചരക്ക്, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാൻ സ്വിഗ്ഗിയും, സൊമാറ്റോയും, റെബൽ ഫുഡ്സും; കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്ന് മറ്റ് കമ്പനികളും

ബെംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, റെബൽ ഫുഡ്സ് എന്നീ മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ  പലചരക്ക്, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ  സർക്കാരുകളിലേക്ക് എത്തിക്കാൻ സഹായം വാഗ്ദാനം ചെയ്തു. കൂടാതെ കുടിയേറ്റക്കാർക്കും മറ്റ് തൊഴിലാളികൾക്കും സൗജന്യ ഭക്ഷണം സംഭാവന ചെയാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് -19 രോ​ഗത്തെ പ്രതിരോധിക്കാൻ രാജ്യം ലോക്ക്ഡൗണിന് വിധേയമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം 500 കോടി രൂപ സർക്കാരിന്റെ പിഎം-കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഓരോ പേയ്‌മെന്റ് ഇടപാടുകൾക്കും 10 രൂപ വരെ സംഭാവന നൽകുമെന്നും, വൈറസിനെ പ്രതിരോധിക്കാൻ മെഡിക്കൽ ഉപകരണങ്ങളോ മരുന്നുകളോ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവർക്ക് 5 കോടി രൂപ നൽകുമെന്നും കമ്പനി അറിയിച്ചു. അതേസമയം ഫോൺ‌പെ 100 കോടി രൂപയാണ് ഇതേ പ്രവർത്തനങ്ങൾക്ക് വാ​ഗ്ദാനം നൽകിയത്. അതുപോലം ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാർട്ടപ്പ് ബൗൺസ് ഹൈദരാബാദ് പോലീസിന് തങ്ങളുടെ ബൈക്കുകൾ വാഗ്ദാനം ചെയ്തു.

1.3 ബില്യൺ വരുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യ രാജ്യമായ ഇന്ത്യ മാർച്ച് 25 മുതൽ ലോക്ക്ഡൗണിലാണ്. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണിത്. മരുന്നുകളും പലചരക്ക് സാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വീടുകൾ തോറുമുള്ള വിതരണം ഉറപ്പാക്കാൻ സോമാറ്റോ പഞ്ചാബ് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, സ്വിഗ്ഗി ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുമായും മറ്റ് സംസ്ഥാന സർക്കാരുകളുമായും സഹകരിക്കുന്നു.

500,000 ത്തോളം വരുന്ന ഡെലിവറി വർക്ക് ഫോഴ്‌സ് ഉള്ള രണ്ട് കമ്പനികളും കുടിയേറ്റ തൊഴിലാളികൾക്കും മെഡിക്കൽ ജീവനക്കാർക്കും സൗജന്യ ഭക്ഷ്യ സേവനം ഉറപ്പാക്കുന്നതിന് സമാനമായ മറ്റ് പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്.

കുടിയേറ്റ തൊഴിലാളികൾക്കും മെഡിക്കൽ തൊഴിലാളികൾക്കും സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം മൊത്തത്തിൽ എത്തിക്കാൻ ഞങ്ങൾ ഒന്നിലധികം സംസ്ഥാന സർക്കാരുകളുമായും യോഗ്യരായ ഭക്ഷ്യ ദാതാക്കളുമായും പ്രവർത്തിക്കുന്നുവെന്ന് സ്വിഗ്ഗി ചീഫ് എക്സിക്യൂട്ടീവ് ശ്രീഹർഷ മജേറ്റി പറഞ്ഞു.

ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഡൽഹി ഉൾപ്പെടെയുള്ള ഒന്നിലധികം സംസ്ഥാന സർക്കാരുകൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ഹോട്ടലുകൾ വാഗ്ദാനം ചെയ്തപ്പോൾ സ്വകാര്യ ലേബൽ ബ്രാൻഡുകളായ ഫാസോസ്, ബെഹ്രൂസ് ബിരിയാണി, ഓവൻ സ്റ്റോറി പിസ്സ, എന്നിവ ഭക്ഷണം സംഭാവന ചെയ്യുന്നതിനായി ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം തയ്യാറാക്കുന്നു.

21 ദിവസത്തെ ലോക്ക്ഡൗണിനിടയിൽ ഇന്ത്യയിലുടനീളമുള്ള ഓട്ടോറിക്ഷ, ക്യാബുകൾ, 'കാളി-പീലി' ടാക്സി ഡ്രൈവർമാരെ പിന്തുണയ്ക്കുന്നതിനായി ഒല അതിന്റെ ഫൗണ്ടേഷന് കീഴിൽ ഡ്രൈവ് ദ ഡ്രൈവർ ഫണ്ട് ആരംഭിച്ചു. ഇതിന് ഒല ഗ്രൂപ്പ് അതിന്റെ നിക്ഷേപകർക്കും പൗരന്മാർക്കും മറ്റ് സ്ഥാപനങ്ങൾക്കുമായി ഒരു ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി ധനസഹായം സ്വീകരിച്ചു. നിലവിൽ ഒലയ്ക്ക് ഏകദേശം 2 മില്യൺ ഡ്രൈവർമാരുണ്ട്.

ഗാർഹിക സേവന പ്ലാറ്റ്ഫോമായ അർബൻ കമ്പനി, ജോലി ചെയ്യുന്ന 30,000 കരാർ തൊഴിലാളികൾക്ക് വായ്പകളും ദുരിതാശ്വാസ ഫണ്ടും നൽകിയിട്ടുണ്ട്. പങ്കാളികൾക്ക് പലിശ രഹിത വായ്പകൾ ഞങ്ങൾ നൽകിയിട്ടുള്ളതായി അർബൻ കമ്പനി ചീഫ് എക്സിക്യൂട്ടീവ് അഭിരാജ് ഭാൽ പറഞ്ഞു. കോവിഡ് -19 ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികളെയാണ്. അവരുടെ വരുമാനം പ്രധാനമായും സേവനങ്ങളെയും അധിക ആനുകൂല്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അർബൻക്ലാപ്, ഓല തുടങ്ങിയ കമ്പനികൾക്ക് അവരുടെ സേവനങ്ങളുടെ ആവശ്യം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 85% വരെ കുറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved