വനിതാസംരംഭകര്‍ക്ക് ഏറ്റവും നല്ല രാജ്യങ്ങള്‍ യുഎസും ന്യൂസിലാന്റും;മാസ്റ്റര്‍കാര്‍ഡ് സൂചികയില്‍ ഇന്ത്യ പുറകില്‍

November 22, 2019 |
|
News

                  വനിതാസംരംഭകര്‍ക്ക് ഏറ്റവും നല്ല രാജ്യങ്ങള്‍ യുഎസും ന്യൂസിലാന്റും;മാസ്റ്റര്‍കാര്‍ഡ് സൂചികയില്‍ ഇന്ത്യ പുറകില്‍

ന്യൂയോര്‍ക്ക്: വനിതാ സംരംഭകര്‍ക്ക് ഏറ്റവും നല്ല രാജ്യം അമേരിക്കയാണെന്ന് മാസ്റ്റര്‍കാര്‍ഡിന്റെ റിപ്പോര്‍ട്ട്. വനിതാസംരംഭക സൂചികയില്‍ ഒന്നാമന്‍ യുഎസ് ആണ്. രണ്ടാംസ്ഥാനം ന്യൂസിലാന്റും മൂന്നാമത് കാനഡയുമാണ്.  ആദ്യപത്ത് രാജ്യങ്ങളിലെ ബാക്കിയുള്ള സ്ഥാനക്കാര്‍ ഇസ്രായേല്‍,അയര്‍ലന്റ്,തായ്‌വാന്‍,സ്വിറ്റ്‌സര്‍ലാന്റ്,സിംഗപ്പൂര്‍,യുകെ,പോളണ്ട് എന്നിങ്ങനെയാണ്.  70.3 പോയിന്റിനാണ് യുഎസ് ഈ പദവി നേടിയത്. തൊട്ടുപുറകിലുള്ള ന്യൂസിലാന്റിന് വെറും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം നഷ്ടമായത്. മൂന്നാം സ്ഥാനക്കാരായ കാനഡയ്ക്ക് 69 പോയിന്റാണുള്ളത്. അന്താരാഷ്ട്ര തൊഴിലാളി സംഘടന,യുനെസ്‌കോ,ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മോണിറ്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റകള്‍ ശേഖരിച്ചാണ് മാസ്റ്റര്‍കാര്‍ഡ് സംരംഭക സൂചിക പ്രസിദ്ധീകരിച്ചത്. 58 രാജ്യങ്ങളാണ് സൂചികയില്‍ പരിഗണിച്ചത്. ഇതില്‍ 52ാം സ്ഥാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.

വനിതാ സംരംഭകര്‍ക്ക് നിക്ഷേപം ശേഖരിക്കാനുള്ള സാഹചര്യം,സംരംഭം തുടങ്ങാനുള്ള പിന്തുണ,വനിതകളോട് സമൂഹത്തിനുള്ള മനോഭാവം,തൊഴില്‍ ശക്തിയില്‍ വനിതാപങ്കാളിത്തം,സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കലുകള്‍ തുടങ്ങിയ ഘടകങ്ങളാണ് സൂചികയ്ക്കായി പരിഗണിക്കുക. വനിതകള്‍ക്ക് ബിസിനസ് ചെയ്യാനുള്ള എളുപ്പമുള്ള സാഹചര്യമാണ് യുഎസിന് ഗുണമായത്. ന്യൂസിലാന്റില്‍ സ്ത്രീകള്‍ക്കുള്ള സാമ്പത്തിക പിന്തുണയും ശക്തമായ ഭരണനിര്‍വഹണവും നേട്ടമായി.

കാനഡയില്‍ സ്ത്രീകളോടുള്ള സമൂഹത്തിന്റെ നല്ല മനോഭാവവും സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കലുകളുമാണ് ഈ പദവിയിലേക്ക് എത്തിച്ചത്. വനിതാസംരംഭകരുടെ കാര്യത്തില്‍ ഏറ്റവും പുറകിലുള്ള രാജ്യങ്ങള്‍ സൗദി അറേബ്യയും ഇറാനും ബംഗ്ലാദേശും ആണ്്. ഉഗാണ്ടയിലെ സംരംഭകരില്‍ 38.2% പേരും വനിതകളാണെന്ന കണ്ടെത്തലും സൂചിക പങ്കുവെക്കുന്നു. ഇത് മൂന്നാംതവണയാണ് മാസ്റ്റര്‍കാര്‍ഡ് വനിതാസംരംഭകരുടെ സൂചിക പുറത്തുവിടുന്നത്.

Read more topics: # Mastercard, # Women Entrepreneurs,

Related Articles

© 2024 Financial Views. All Rights Reserved