റെക്കോര്‍ഡ് നേട്ടം കൊയ്ത് സൗദി അരാംകോ; വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്; മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌നം പൂവണിഞ്ഞു

December 13, 2019 |
|
News

                  റെക്കോര്‍ഡ് നേട്ടം കൊയ്ത് സൗദി അരാംകോ; വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിലേക്ക്; മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌നം പൂവണിഞ്ഞു

ന്യൂഡല്‍ഹി: സൗദിയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അരാംകോ ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടം കൊയ്താണ് മുന്നേറുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ എക്കാലത്തെയും ആഗ്രഹമായ രണ്ട് ട്രില്യണ്‍ മൂല്യം ഇന്നലെ അവസാനിച്ച വ്യാപാര ദിനത്തില്‍ സ്വന്തമാക്കി. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ദിവസമായ ഇന്നലെ ഓഹരി വില കത്തിക്കറിയതോടെയാണ് രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യം സ്വന്തമാക്കിയത്. വ്യാഴാഴ്ച്ച വ്യപാരം ആരംഭിച്ചയുടനെ തന്നെ കമ്പനിയുടെ ഓഹരി വില 38.70 റിയാലായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ വൈകാതെ തന്നെ ഓഹരി വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം അരാംകോയുടെ ഓഹരി വില നിശ്ചയിച്ചപ്പോള്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യമെന്ന ലക്ഷ്യവും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവെച്ചിരുന്നു.  എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ പ്രധാന കാരണം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ടെക് ഭീമന്‍മാരായ മൈക്രോ സോഫ്റ്റിന്റെയും, ആപ്പിളിന്റെയും മൂല്യം 1.5 ട്രില്യണ്‍ ഡോളറിന് താഴെയായതിനാല്‍ രണ്ട് ട്രില്യണ്‍ മൂല്യം സൗദി അരാംകോയ്്ക്ക് നേടാന്‍ സാധിക്കില്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കു മറുപടിയായാണ് സൗദി ഈ നേട്ടം കൊയ്തത്. 

സൗദി അരാംകോയുടെ 1.5 ശതമാനം ഓഹരികള്‍ റിയാദ് സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചില്‍ ലിസ്റ്റ് ചെയ്ത് ബുധനാഴ്ച്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ റെക്കോര്‍ഡ് നേട്ടമാണ് കമ്പനി കൊയ്തത്.  1.88 ട്രില്യണ്‍ ഡോളറിലേക്ക് വിപണി മൂല്യമെത്തി റെക്കോര്‍ഡ് നേ്ട്ടമാണ് കമ്പനി കൊയ്തത്. 

ദിവസവും 10 ശതമാനം വില വര്‍ധനവാണ് അരാംകോയ്ക്ക് തഡവുല്‍ ഓഹരി വിപണി അനുവദിച്ചിരിക്കുന്നത്. അതേസമയം വിപണിയില്‍  1.5 ശതമാനം ഓഹരികള്‍ മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തെങ്കിലും 1.88 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടി ലോകത്തിലേറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി.  അമേരിക്കയിലെ എണ്ണ കമ്പനി ഭീമനായ എക്സോണ്‍ മൊബിലിന് 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മാത്രമാണ് ഉള്ളത്. ടെക് ഭീമനായ ആപ്പിളിനാവട്ടെ 1.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ആകെ ഉള്ളത്.  

സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്ക് ഉയരുമ്പോള്‍ നേട്ടം സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെയാണ്. നിക്ഷേപം അധികരിക്കുന്നത് വഴി സൗദിയുടെ തൊഴില്‍ സാഹചര്യം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.  സൗദിയുടെ പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ മാറ്റം വരുത്തിയാണ് സൗദി ഇപ്പോള്‍ നിക്ഷേപ സാധ്യതകള്‍ക്ക് വഴി തുറന്നിട്ടിരിക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഐപിഒ എന്ന ആശയം മുന്നോട്ടുവെച്ചത്. 

Related Articles

© 2024 Financial Views. All Rights Reserved