ചൈന-യുഎഇ നയതന്ത്രബന്ധം ശക്തിപ്പെട്ടു; ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 6 ശതമാനം വര്‍ധനവ്; 34.7 ബില്യണ്‍ ഡോളറായി

February 21, 2020 |
|
News

                  ചൈന-യുഎഇ നയതന്ത്രബന്ധം ശക്തിപ്പെട്ടു; ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 6 ശതമാനം വര്‍ധനവ്; 34.7 ബില്യണ്‍ ഡോളറായി

2019 ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ചൈനയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 6 ശതമാനം വര്‍ധിച്ച് 34.7 ബില്യണ്‍ ഡോളറിലെത്തി. മൊത്തം ഉഭയകക്ഷി വ്യാപാരത്തില്‍, യുഎഇയിലേക്കുള്ള ചൈനയുടെ കയറ്റുമതി 9.9 ശതമാനം ഉയര്‍ന്ന് 23.5 ബില്യണ്‍ ഡോളറായി. എന്നാല്‍ എണ്ണ വിലയിടിഞ്ഞതിനെത്തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 1.4 ശതമാനം ഇടിഞ്ഞ് 11.2 ബില്യണ്‍ ഡോളറിലെത്തി.

2020 ലും അതിനുശേഷവും ചൈനയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും അതിവേഗ വളര്‍ച്ച നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ ചൈനീസ് അംബാസഡര്‍ നി ജിയാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ വാമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത കാലത്തായി ചൈനയും യുഎഇയും മികച്ച കൈമാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, സാംസ്‌കാരിക, സാങ്കേതിക മേഖലകളില്‍ നിന്നുള്ള സഹകരണം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ യുഎഇയില്‍ ചൈനയുടെ നേരിട്ടുള്ള നിക്ഷേപം 660 മില്യണ്‍ ഡോളറിലെത്തിയെന്ന് അംബാസഡര്‍ പറഞ്ഞു. ഇത് വര്‍ഷം തോറും 171 ശതമാനം വര്‍ധനവാണ് സൂചിപ്പിക്കുന്നത്. അറബ് ലീഗിലെ 22 അംഗങ്ങളിലായി ചൈനയുടെ നിക്ഷേപത്തിന്റെ 54 ശതമാനം് വഹിക്കുന്നു. യുഎഇയിലെ 6,000 ചൈനീസ് കമ്പനികളില്‍ ഭൂരിഭാഗവും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. നിരവധി വന്‍കിട ചൈനീസ് കമ്പനികള്‍ക്ക് യുഎഇ വിപണിയില്‍ താല്‍പ്പര്യവും പങ്കാളിത്തവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചൈനാ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ജിയാന്‍ എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വ്യാവസായിക ശേഷി, എഞ്ചിനീയറിംഗ്, നിക്ഷേപം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കി ചൈന-യുഎഇ നയതന്ത്രബന്ധത്തെ  കൂടുതല്‍ ദൃഢമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ യുഎഇയില്‍ 1.2 മില്യണ്‍ ചൈനീസ് വിനോദസഞ്ചാരികളാമെത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം കാണിക്കുന്നുണ്ടെന്നും ജിയാന്‍ കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലെ 200,000 ത്തില്‍ അധികം വരുന്ന ചൈനീസ് ബിസിനസുകാര്‍, തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് യുഎഇയാണ് എന്ന് കണക്കാക്കപ്പെടുന്നു. അവരില്‍ ഭൂരിഭാഗവും ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ താമസിക്കുന്നു. യുഎഇയില്‍ ചൈനീസ് ഭാഷയോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരികയാണെന്നും 200 യുഎഇ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുന്‍കൈയെടുത്തുവെന്നും 60 ലധികം എമിറേറ്റ് സ്‌കൂളുകളില്‍ 200 ലധികം അധ്യാപകര്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി. സെപ്റ്റംബറോടെ 50 സ്‌കൂളുകളില്‍ കൂടി ചൈനീസ് ഭാഷ പഠിപ്പിക്കും.

Related Articles

© 2024 Financial Views. All Rights Reserved