യുഎഇ, സൗദി സമ്പദ് വ്യവസ്ഥകള്‍ 2021 ഓടെ വളര്‍ച്ചയിലേക്ക് തിരികെ എത്തുമെന്ന് ഐഎംഎഫ്

April 15, 2020 |
|
News

                  യുഎഇ, സൗദി സമ്പദ് വ്യവസ്ഥകള്‍ 2021 ഓടെ വളര്‍ച്ചയിലേക്ക് തിരികെ എത്തുമെന്ന് ഐഎംഎഫ്

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായുള്ള വളര്‍ച്ചാമുരടിപ്പിന് ശേഷം യുഎഇ സമ്പദ് വ്യവസ്ഥ 2021ല്‍ 3.3 ശതമാനം വളര്‍ച്ചയിലേക്ക് തിരികെ എത്തുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) വിലയിരുത്തല്‍. പകര്‍ച്ചവ്യാധിയുടെ ഫലമായി ഈ വര്‍ഷം യുഎഇ സമ്പദ് വ്യവസ്ഥ 3.5 ശതമാനം ചുരുങ്ങുമെന്നാണ് ഐഎംഎഫിന്റെ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണത്തില്‍ പറയുന്നത്. മൊത്തത്തില്‍ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലുള്ള സമ്പദ് വ്യവസ്ഥകള്‍ 2020ല്‍ 3.3 ശതമാനം ചുരുങ്ങുമെന്നും എന്നാല്‍ 2021ഓടെ 4.2 ശതമാനം വളര്‍ച്ചയിലേക്ക് തിരികെ എത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ എണ്ണ-ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 4 ശതമാനം വളര്‍ച്ചാ മുരടിപ്പ് ഉണ്ടാകുമെങ്കിലും സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.3 ശതമാനം വളര്‍ച്ചാമുരടിപ്പിനാണ് സാക്ഷിയാകുക. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക പ്രതീക്ഷകള്‍ മങ്ങിയതും ഒപെക് പ്ലസിന്റെ എണ്ണയുല്‍പ്പാദന നിയന്ത്രണ കരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങളും രാജ്യത്തെ ഉല്‍പ്പന്നങ്ങളുടെ വിലനിലവാരത്തെ സാരമായി ബാധിച്ചതായി ഐഎംഎഫ് വിലയിരുത്തി. എന്നിരുന്നാലും 2021ല്‍ സൗദി സമ്പദ് വ്യവസ്ഥ 2.9 ശതമാനം വളര്‍ച്ചയിലേക്ക് തിരികെ എത്തുമെന്നും ഐഎംഎഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രാദേശികമായി 1978ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രകടനമാണ് ഈ വര്‍ഷം ഉണ്ടാകുക. അനിശ്ചിതത്വങ്ങളും സംഘര്‍ഷങ്ങളും മൂലം 4.7 ശതമാനം വരെ വളര്‍ച്ചാ മുരടിപ്പിന് മേഖല സാക്ഷ്യം വഹിക്കേണ്ടി വരും. ഈജിപ്ത് ഒഴികെ മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഈ വര്‍ഷം ജിഡിപി വളര്‍ച്ച താഴേക്ക് പോകും. എന്നാല്‍ ഈജിപ്തില്‍ ഈ വര്‍ഷം 2 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് കണക്കുകൂട്ടുന്നതെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണവില 2023 വരെ ബാരലിന് 45 ഡോളറില്‍ താഴെ ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019ലെ ശരാശരി എണ്ണവിലയേക്കാള്‍ 25 ശതമാനം കുറവാണിത്. എന്നാല്‍ പ്രതിദിനം 10 മില്യണ്‍ ബാരലിന്റെ എണ്ണ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കാന്‍ ഒപെക് പ്ലസ് തീരുമാനിച്ചതിന് മുമ്പ് തയാറാക്കിയതാണ് ഐഎംഎഫിന്റെ ഈ റിപ്പോര്‍ട്ട് എന്നത് അന്താരാഷ്ട്ര സംഘടനയുടെ ദുഃസൂചനകളില്‍ എണ്ണവിപണിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. പുതിയ സംഭവവികാസങ്ങള്‍ എണ്ണക്കയറ്റുമതി രാജ്യങ്ങളെയും അവരുടെ എണ്ണയില്‍ അധിഷ്ഠിതമായ വരുമാന മാര്‍ഗങ്ങളെയും കയറ്റുമതിയെയും സാരമായി ബാധിക്കും. എന്നാല്‍ മേഖലയിലെ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് നേട്ടമാണിതെന്ന് ഐഎംഎഫ് പറഞ്ഞു.

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ദിശയും അവയെ നേരിടുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ വിജയവും അടക്കം നിരവധി കാര്യങ്ങളില്‍ കൃത്യമായൊരു പ്രവചനം നടത്തുക ബുദ്ധിമുട്ടായതിനാല്‍ ഇത്തരം അവലോകനങ്ങള്‍ക്ക് ചുറ്റും വലിയൊരു അനിശ്ചിതത്വം നിലനില്‍ക്കുന്നതായും ഐഎംഎഫ് വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved