പിരിച്ചുവിടലിന് പിന്നാലെ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി ഊബര്‍; നടപടി ആഗോള ചെലവുചുരുക്കലിന്റെ ഭാഗം

July 04, 2020 |
|
News

                  പിരിച്ചുവിടലിന് പിന്നാലെ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി ഊബര്‍; നടപടി ആഗോള ചെലവുചുരുക്കലിന്റെ ഭാഗം

മെയ് മാസത്തില്‍ ഇന്ത്യയിലെ നാലിലൊന്ന് ജീവനക്കാരെ (600 ജീവനക്കാര്‍) പിരിച്ചുവിട്ടതിന് പുറകെ, റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. ഊബറിന്റെ മുംബൈ ഓഫീസിലെ ജീവനക്കാര്‍ ഡിസംബര്‍ വരെ വീട്ടിലിരുന്നാവും ജോലി ചെയ്യുകെയന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഈ ജീവനക്കാരെ അടുത്ത വര്‍ഷം മുംബൈയിലെ മറ്റൊരു ഓഫീസിലേക്ക് മാറ്റുമോ എന്നത് വ്യക്തമല്ല. കമ്പനിയുടെ വികസനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഊബര്‍ വക്താവ് വിസമ്മതിച്ചെങ്കിലും മുംബൈയിലെ എല്ലാ റൈഡറുകള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള 6,700 ജീവനക്കാരെ ബാധിച്ച ആഗോള തരംതാഴ്ത്തല്‍ നടപടി റൈഡ് ഹെയ്ലിംഗ് സ്ഥാപനം പ്രഖ്യാപിച്ച്, ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഊബറിന്റെ മുംബൈ ഓഫീസ് അടച്ചുപൂട്ടാനുള്ള നടപടിയെത്തുന്നത്.

കസ്റ്റമര്‍, ഡ്രൈവര്‍ പിന്തുണ, ബിസിനസ് വികസനം, ലീഗല്‍ നയങ്ങള്‍, ധനകാര്യം, നയങ്ങള്‍, മാര്‍ക്കറ്റിംഗ് വെര്‍ട്ടിക്കല്‍സ് എന്നീ വിഭാഗങ്ങളിലെ 600 -ഓളം ജീവനക്കാരെയാണ് ഇന്ത്യയിലെ പിരിച്ചുവിടല്‍ ബാധിച്ചത്. ഇന്ത്യയിലെ തൊഴില്‍ വെട്ടിക്കുറവിന് പുറമെ, ആഗോളതലത്തില്‍ റെന്റല്‍, ലീസ് അനുബന്ധ ചെലവുകളും കമ്പനി വെട്ടിക്കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് 19 മൂലമുണ്ടായ ബിസിനസ് തടസ്സങ്ങള്‍ കാരണം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനായി കമ്പനി ഇതിനകം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഊബര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഡാര ഖോസ്രോഷാഹി അടുത്തിടെ നടത്തിയ ഒരു കോണ്‍ഫറന്‍സ് കോളില്‍ പറഞ്ഞു.

ഈ വര്‍ഷം ഊബര്‍ ഇന്ത്യ തങ്ങളുടെ ഭക്ഷ്യ വിതരണ ബിസിനസ് സൊമാറ്റോയ്ക്ക് വിറ്റിരുന്നു. സൊമാറ്റോയില്‍ 10 ശതമാനം ഓഹരി വാങ്ങുന്നതും ഊബര്‍ ഈറ്റ്സില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയെ കൂടാതെ, കഴിഞ്ഞ ഏതാനും പാദങ്ങളിലായി കുറഞ്ഞത് എട്ട് ഭക്ഷ്യ വിതരണ വിപണികളില്‍ നിന്ന് കമ്പനി പുറത്തുകടന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കമ്പനി ലാഭത്തിലാകുമെന്നാണ് എസ്ഇസി ഫയലിംഗ് പറയുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഊബറിന്റെ മൊത്ത വരുമാനം 14 ശതമാനം വര്‍ധിച്ച് 3.54 ബില്യണ്‍ ഡോളറിലെത്തി. കമ്പനിയുടെ നഷ്ടമാവട്ടെ റിപ്പോര്‍ട്ടിംഗ് പാദത്തില്‍ 2.9 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഇത് 2019 ന്റെ ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1.1 ബില്യണ്‍ ഡോളറില്‍ നിന്ന് 163 ശതമാനം വര്‍ധന. കൊറോണ വൈറസ് മഹാമാരി യാത്രാ, മൊബിലിറ്റി ബിസിനസുകളെ സാരമായി ബാധിച്ചതിനെത്തുടര്‍ന്ന് മെയ് മാസത്തില്‍ ഇന്ത്യയിലെ ഊബറിന്റെ എതിരാളികളായ ഓലയും 1,400 ജോലികള്‍ വെട്ടിക്കുറച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved