ഊരാളുങ്കലിന്റെ 'ജിസിസി' സ്വപ്‌നങ്ങള്‍

February 05, 2020 |
|
News

                  ഊരാളുങ്കലിന്റെ 'ജിസിസി' സ്വപ്‌നങ്ങള്‍

ദുബൈ:കേരളത്തിലെ നിര്‍മാണമേഖലയില്‍ വന്‍ സാന്നിധ്യമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റ് സൊസൈറ്റിയുടെ യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച വിഹിതമാണുള്ളത്. ധാരാളം ടെക് പ്രൊജക്ടുകള്‍ നേടി മുന്നേറുന്ന ഈ വിഭാഗം ഊരാളുങ്കലിനെ പരമ്പരാഗത നിര്‍മാണമേഖല ചാര്‍ത്തി നല്‍കിയ മുഖച്ഛായ മാറ്റാന്‍ ഉതകുന്നതാണ്. കാലത്തിനനുസരിച്ച് വ്യാപാരമേഖലയില്‍ അടിയുറച്ച് നില്‍ക്കാന്‍ സാധിക്കും വിധത്തിലേക്കായിരുന്നു ഈ കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ വളര്‍ച്ച. തങ്ങളുടെ എല്ലാ ബിസിനസ് മേഖലകളിലും വ്യാപനത്തിനാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. അതുകൊണ്ട് തന്നെ ഇനി ഇന്ത്യന്‍ വിപണിയില്‍ നിന്ന് അന്താരാഷ്ട്രതലത്തിലേക്കുള്ള വളര്‍ച്ചയാണ് ആവശ്യം. അതിനും തയ്യാറായികൊണ്ടാണ് ഊരാളുങ്കലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ഘട്ടത്തില്‍ ജിസിസി രാജ്യങ്ങളാണ് യുഎല്‍ ടെക്‌നോളജി സൊലൂഷന്‍സിന്റെ ലക്ഷ്യം.

അന്താരാഷ്ട്രതലത്തിലേക്കും കാല്‍വെപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്.  സ്ഥാപനത്തിന്റെ ആദ്യ ഓഫീസ് ഇതിനായി ദുബൈയില്‍ ആരംഭിക്കും. ശേഷം മധ്യ പൂര്‍വേഷ്യ-കിഴക്കന്‍ ആഫ്രിക്ക മേഖലകളിലേക്കും യുഎല്‍ടിഎസ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. യുഎല്‍ടിഎസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടിഎസ് രവികുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മിഡില്‍ ഈസ്റ്റിന് ശേഷം യുഎസില്‍ ഒരു ഓഫീസ് സ്ഥാപിച്ച് അവിടുത്തെ വിപണിയില്‍ പ്രവേശിക്കാനും പദ്ധതിയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മിക്ക കമ്പനികളും അന്താരാഷ്ട്ര വിപുലീകരണത്തിന്റെ ആദ്യഘട്ടമായി മിഡില്‍ ഈസ്റ്റാണ് തെരഞ്ഞെടുക്കാറ്. ഇതേപാത പിന്തുടര്‍ന്നു തന്നെയാണ് യുഎസ്ടിഎല്ലിന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ ആരംഭിക്കുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ഫ്രഷ് മറൈന്‍ ആന്റ് മീറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഫ്രഷ് ടു ഹോം,ഫിറ്റ്‌നസ് ആന്റ് വെല്‍നസ് കമ്പനിയായ ക്യുര്‍ ഫിറ്റ് എന്നിവയാണ് സമീപകാലത്ത് ദുബൈയില്‍ അരങ്ങേറ്റം കുറിച്ച കമ്പനികള്‍.

ദുബൈയിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരെയും ഏതാനും പ്രാദേശിക ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് ആരംഭിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബ്ലോക്ക് ചെയിന്‍,ജിഐഎസ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള യുഎല്‍ടിസിഎസ്,യുഎഇയിലെയും ഗള്‍ഫ് മേഖലയിലെയും പ്രമുഖ എണ്ണ,സാമ്പത്തിക കമ്പനികളുമായി വന്‍ മൂല്യം നേടാവുന്ന പദ്ധതികളുടെ കരാറുകള്‍ ഒപ്പിടാനായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതികളിലാണ് യുഎഇയില്‍ ശ്രദ്ധയൂന്നുന്നത്. മാലിന്യനിര്‍മാര്‍ജന മേഖലയില്‍ ജപ്പാനില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യ കമ്പനി നേരത്തെ സ്വന്തമാക്കിയിരുന്നു. യുഎഇക്ക് പിന്നാലെ മറ്റ് ജിസിസി രാജ്യങ്ങളും യുഎല്‍സിസിഎസ് ലക്ഷ്യമിടുന്നു.

Related Articles

© 2024 Financial Views. All Rights Reserved